ബാങ്കിങ്, ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് പുതിയ നിയമം
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
ദുബൈ: സെൻട്രൽ ബാങ്ക്, ധന ഇടപാട് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
നിയമലംഘനങ്ങളുടെ ഗൗരവവും ഇടപാടുകളുടെ എണ്ണവും അനുസരിച്ച് പിഴത്തുക 10 മടങ്ങ് വരെ വർധിപ്പിച്ചതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ.
ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ ഉത്തരവാദിത്തമുള്ള സ്വതന്ത്ര ഏജൻസിയായ ‘സനാദകി’ന് കീഴിൽ പരാതി പരിഹാര നടപടികൾ ഏകീകരിക്കും. കൂടാതെ സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കുന്നതിന് പ്രത്യേക ജുഡീഷ്യൽ സമിതി രൂപവത്കരിക്കാനും പുതിയ നിയമം അനുവദിക്കുന്നു.
ഒരു ലക്ഷം ദിർഹം വരെയുള്ള തർക്കങ്ങളിൽ ജുഡീഷ്യൽ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. ധന ഇടപാട് സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിരതയും ഉപഭോക്താക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സാമ്പത്തിക തകർച്ച പരിഹരിക്കുന്നതിനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചും പുതിയ നിയമം വിശദീകരിക്കുന്നുണ്ട്.
റിക്കവറി പ്ലാനുകൾ നടപ്പിലാക്കൽ, അധിക മൂലധനം ഇറക്കൽ, ബിസിനസ് തന്ത്രങ്ങളിലും പ്രവർത്തന ഘടനയിലും മാറ്റം വരുത്തൽ, ഇടക്കാല കമ്മിറ്റിയെ നിയമിക്കൽ, സ്ഥാപനത്തിന്റെ നടത്തിപ്പ് നേരിട്ട് ഏറ്റെടുക്കൽ, ലയന നടപടികൾ തുടങ്ങിയ നടപടികളെക്കുറിച്ചും നിയമം പ്രതിപാദിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരിഹാര അതോറിറ്റി എന്ന നിലയിൽ സെൻട്രൽ ബാങ്കിന് നിർണായക പങ്കുണ്ടാകും.
ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റിനെ നിയമിക്കാനും പിൻവലിക്കാനും സെൻട്രൽ ബാങ്കിന് അധികാരമുണ്ടാകും.
ധനകാര്യ സ്ഥാപനത്തിന്റെയും ആസ്തികളുടെയും നടത്തിപ്പിനായി രക്ഷാധികാരികളെ നിയമിക്കാനും കരാറുകൾ അവസാനിപ്പിക്കാനോ ആസ്തികളും ബാധ്യതകളും കൈമാറ്റം ചെയ്യാനോ വിൽക്കാനോ ഉള്ള അധികാരവും സെൻട്രൽ ബാങ്കിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

