ഷാർജയിൽ പുതിയ നിക്ഷേപകർക്ക് ഒരു ദിവസത്തിനുള്ളിൽ വാണിജ്യ ലൈസൻസ്
text_fieldsഷാർജ: രേഖാമൂലമുള്ള കരാറോ ലീസ് എഗ്രിമെന്റോ സമർപ്പിക്കാതെതന്നെ പുതിയ നിക്ഷേപകർക്കും സംരംഭകർക്കും ഒരു ദിവസത്തിനുള്ളിൽ വാണിജ്യ ലൈസൻസ് ലഭ്യമാക്കാനുള്ള ‘ഇൻസ്റ്റന്റ് ലൈസൻസ്’ സേവനം പ്രഖ്യാപിച്ച് ഷാർജ. ഷാർജ സാമ്പത്തിക വികസന ഡിപ്പാർട്ട്മെന്റ് (എസ്.ഇ.ഡി.ഡി) ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യത്തെ ഒരു വർഷത്തേക്കായിരിക്കും ലൈസൻസ് അനുവദിക്കുക. ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതി ആവശ്യമില്ലാതെ എല്ലാ നടപടികളും ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയായിരിക്കും ലൈസൻസ് അനുവദിക്കുക. മൂന്നു ജീവനക്കാരെവരെ നിയമിക്കാനും കഴിയും. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം നിക്ഷേപകർക്ക് അവരുടെ ബിസിനസ് ഉടനടി നടത്താൻ ‘ഇൻസ്റ്റന്റ് ലൈസൻസ് അനുവദിക്കുന്നു. ഇതുവഴി എമിറേറ്റിലെ സാമ്പത്തിക വളർച്ച നിരക്ക് വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. അതേസമയം, സ്ഥിരം ലൈസൻസ് നടപടികൾ ഇൻസ്റ്റന്റ് ലൈസൻസിൽ ഉൾപ്പെടില്ല.
പുതിയ സേവനം ആദ്യവർഷത്തെ ബിസിനസിൽ നിക്ഷേപകരെ സഹായിക്കും. രണ്ടാം വർഷം പ്രത്യേക ലൈസൻസ് നിബന്ധനകൾ നിക്ഷേപകർ പാലിച്ചിരിക്കണം. എമിറേറ്റിലെ സാമ്പത്തിക വൈവിധ്യവത്കരണത്തെയും സുസ്ഥിരമായ വളർച്ച നടപടികളെയും പിന്തുണക്കുകയാണ് തന്ത്രപരമായ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ഇ.ഡി.ഡി ചെയർമാൻ ഹമദ് അലി അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

