യു.എ.ഇയിൽ പുതിയ ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാർക്കായി പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ നൽകുന്ന പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഗ്രൂപ്പിന്റെ കീഴിൽ ബുധനാഴ്ച രാവിലെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ആദ്യദിനം തന്നെ ആയിരക്കണക്കിന് അപേക്ഷകരാണ് യു.എ.ഇയിൽ സജ്ജമാക്കിയ അൽഹിന്ദിന്‍റെ 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ഐ.സി.എ.സി) എത്തിയത്. സേവനകേന്ദ്രങ്ങൾ താൽക്കാലികമായി തുടങ്ങിയതോടെ അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്.
സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി ഓൺലൈൻ ബുക്കിങ് വഴി അപ്പോയിന്റ്മെന്റ് എടുക്കണം. ദിവസവും രാവിലെ ഒമ്പതുമണിക്കും രാത്രി ഒമ്പതുമണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കും. പുതിയ വെബ്‌സൈറ്റ് ലൈവായ ഉടൻതന്നെ രണ്ടായിരത്തോളം അപേക്ഷകർ ബുധനാഴ്ച രാവിലെ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്തതായി അൽഹിന്ദ് ഗ്രൂപ് ചെയർമാനും സ്ഥാപകനുമായ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.
യു.എ.ഇയിൽ അബൂദബി മേഖലയിൽ ആറു കേന്ദ്രങ്ങളും ദുബൈയിൽ രണ്ടു കേന്ദ്രങ്ങളുമാണുള്ളത്. ബർ ദുബൈയിലെ യു.ഡബ്ല്യു മാളിലും ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലുമാണ് ദുബൈയിലെ കേന്ദ്രങ്ങൾ. ഷാർജയിൽ അൽ മജാസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവിടങ്ങളിൽ രണ്ടു കേന്ദ്രങ്ങളും മറ്റ് വടക്കൻ എമിറേറ്റുകളിൽ ആറു കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. പ്രീമിയം സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എല്ലാ അപേക്ഷകർക്കും ഒരേതരത്തിലുള്ള സേവനമാണ് ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇനിമുതൽ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടുപോകാതെതന്നെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ, ഒ.സി.ഐ. തുടങ്ങിയ എല്ലാ സേവനങ്ങളും ഈ 16 കേന്ദ്രങ്ങൾ വഴി ലഭ്യമാകും.
ബർ ദുബൈയിലെ യു.ഡബ്ല്യു മാളിലാണ് 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ 70ഓളം സേവന കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 600 അപേക്ഷകൾ കൈകാര്യം ചെയ്യാനാകും. വിശാലമായ പാർക്കിങ് സൗകര്യം, മികച്ച ഫുഡ് കോർട്ട്, പ്രാർഥനാ മുറികൾ തുടങ്ങി കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും യു.ഡബ്ല്യു മാളിൽ ഒരുക്കിയിട്ടുണ്ടെന്ന് മാൾ മാനേജർ പ്രവീൺ പറഞ്ഞു.
രാജ്യത്തുടനീളമുള്ള 16 കേന്ദ്രങ്ങളിലുമായി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ പ്രതിദിനം 8,000 അപേക്ഷകൾ വരെ സ്വീകരിക്കാൻ ശേഷിയുണ്ടാകുമെന്ന് അൽഹിന്ദ് അധികൃതർ പറഞ്ഞു. ഇതിനായി 350-ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതൽ വൈകീട്ട് ആറുവരെയാണ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. സർക്കാറിന്‍റെ ഫീസിനുപുറമെ വാറ്റ് ഉൾപ്പെടെ 19 ദിർഹമാണ് സർവിസ് ചാർജ് ഈടാക്കുന്നത്. ഫോട്ടോ, പ്രിന്റിങ്, ഫോം പൂരിപ്പിക്കൽ സഹായം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ആവശ്യമായ രേഖകളുമായി എത്തിയാല്‍ 30 മിനിറ്റിനുള്ളില്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കാനാകും. തത്കാൽ അപേക്ഷകർ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെ എത്താം. സംശയങ്ങൾക്ക് 800248517 എന്ന ടോൾ ഫ്രീ നമ്പറിലോ support.ae@alhindglobal.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാം.
യു.എ.ഇ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ നൽകാൻ താത്കാലികമായി കരാർ കമ്പനികളെ ചുമതലപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അനുമതി നൽകിയത്. കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിയെങ്കിലും, പ്രവാസികളുടെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സുപ്രീം കോടതി താത്കാലിക ക്രമീകരണങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. ഇതോടെയാണ് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈയിലെ കോൺസുലേറ്റിനും താത്കാലിക അടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാൻ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ ചുമതലപ്പെടുത്താൻ വഴിയൊരുങ്ങിയത്. 2025 നവംബറിൽ നടന്ന മത്സരപരീക്ഷണത്തിനൊടുവിൽ കുറഞ്ഞ തുക തുക രേഖപ്പെടുത്തി കരാർ സ്വന്തമാക്കിയത് അൽഹിന്ദ് ആയിരുന്നു. എന്നാൽ, ലേല നടപടികളിൽ ക്രമക്കേടുണ്ടെന്ന് കാട്ടി മറ്റ് കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് പുതിയ ടെണ്ടർ വിളിക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

