പുതിയ ഇന്ത്യൻ അംബാസഡർ നിയമനപത്രം കൈമാറി
text_fieldsപുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ സഞ്ജയ് സുധീർ നിയമനപത്രം കൈമാറുന്നു
ദുബൈ: പുതുതായി നിയമിതനായ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചു. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ പ്രോട്ടോകോൾ അഫയേഴ്സ് ഓഫിസ് അസി. അണ്ടർ സെക്രട്ടറി ആലിയ മുഹമ്മദ് അൽമെഹ്റസി രേഖകൾ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്താൻ ചുമതലയേൽകുന്ന അംബാസഡർക്ക് കഴിയട്ടെയെന്ന് ആലിയ മുഹമ്മദ് അൽമെഹ്റസി ആശംസിച്ചു. അഭിമാനകരമായ പ്രാദേശിക, അന്തർദേശീയ സ്ഥാനം അലങ്കരിക്കുന്ന യു.എ.ഇയിൽ തെൻറ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ സഞ്ജയ് സുധീർ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസമാണ് പവൻ കപൂറിന് പകരമായി സഞ്ജയ് സുധീറിനെ അംബാസഡറായി നിയമിച്ചത്. പവൻ കപൂർ റഷ്യയിലെ ഇന്ത്യൻ അംബാസഡറായാണ് നിയമിതനായത്.