അബൂദബിയില്‍ പുതിയ ഹോസ്പിറ്റാലിറ്റി മാനദണ്ഡങ്ങള്‍
text_fieldsഅബൂദബി: അബൂദബിയില്‍ പുതിയ ഹോസ്പിറ്റാലിറ്റി മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ ഭാഗമായി അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് പുതിയ ‘അബൂദബി ഹോട്ടല്‍ ക്ലാസിഫിക്കേഷന്‍ മാനുവല്‍’ പുറത്തിറക്കിയത്. ആഗോള ഹോസ്പിറ്റാലിറ്റി രംഗത്തെ മാറ്റങ്ങള്‍ക്ക് അനുസൃതമായി അതിഥി സല്‍ക്കാര അനുഭവം, സേവന നിലവാരം, സുസ്ഥിരത എന്നിവ മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണം.
2007ല്‍ അവതരിപ്പിച്ച ഈ ക്ലാസിഫിക്കേഷന്‍ സിസ്റ്റം, 2018ല്‍ പുതുക്കിയിരുന്നു. ആഗോളതലത്തില്‍ മാറുന്ന ട്രെന്‍ഡുകള്‍ ഉള്‍ക്കൊണ്ട് അതിഥികള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കാനാണ് നിലവിലെ പരിഷ്‌കരണമെന്ന് ഡി.സി.ടി അബൂദബി വ്യക്തമാക്കി. വിവിധ പ്രത്യേക മേഖലകളില്‍ മികവ് തെളിയിക്കുന്ന ഹോട്ടലുകള്‍ക്കായി ഇമാറാത്തി ദിയാഫ, ഗ്രീന്‍ എക്‌സലന്‍സ്, വെല്‍നസ്, ഹോസ്പിറ്റാലിറ്റി ഇന്നൊവേഷന്‍ എന്നിങ്ങനെ ഏഴ് പുതിയ അംഗീകാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയിലെ വിദഗ്ധരുമായി നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഡി.സി.ടി. അബൂദബി പുതിയ ചട്ടക്കൂട് രൂപീകരിച്ചത്. അബൂദബിയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നിര്‍ബന്ധമാണെന്ന് ഡി.സി.ടി അബൂദബി സപ്പോര്‍ട്ട് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് സുദൈന്‍ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സുസ്ഥിരതക്കും പുതിയ മാനദണ്ഡങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി. നിലവിലുള്ള ഹോട്ടല്‍ സ്ഥാപനങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രത്യേക ഗ്രേസ് പിരീഡ് അനുവദിക്കും. ലൈസന്‍സിങ് ആന്‍ഡ് റെഗുലേറ്ററി കംപ്ലയന്‍സ് ഡിപാർട്മെന്റാണ് ഇതിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. പുതിയ മാനദണ്ഡങ്ങള്‍ നടപ്പാകുന്നതോടെ ആഗോള തലത്തില്‍ അബൂദബിയുടെ ടൂറിസം മത്സരക്ഷമത കൂടുതല്‍ വർധിക്കുമെന്നും സന്ദര്‍ശകര്‍ക്ക് മികച്ച നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

