നിശ്ചയദാർഢ്യ വിദ്യാര്‍ഥികളുടെ പരീക്ഷ; പുതിയ മാര്‍ഗരേഖയായി
text_fieldsഅബൂദബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിലെ നിശ്ചയദാർഢ്യക്കാരായ വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകള്‍ കൂടുതല്‍ സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കുക എന്ന ലക്ഷ്യത്തോടെ ആറ് പ്രധാന നിയന്ത്രണങ്ങളും ഏഴ് അടിസ്ഥാന മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഫ്രെയിംവര്‍ക്ക് തയാറാക്കിയിരിക്കുന്നത്. വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി പ്രകാരം (ഐ.ഇ.പി) പഠനരീതികളിലോ പാഠ്യപദ്ധതിയിലോ മാറ്റങ്ങള്‍ വരുത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ പുതിയ മാനദണ്ഡങ്ങള്‍ ബാധകമാവുക.
ഓരോ കുട്ടിയുടെയും പഠനശേഷിയും ആവശ്യങ്ങളും പരിഗണിച്ചായിരിക്കണം പരീക്ഷാ ചോദ്യപേപ്പറുകള്‍ തയാറാക്കേണ്ടത്. പൊതുവായ മൂല്യനിര്‍ണയ പ്രക്രിയകള്‍ക്കൊപ്പം തന്നെ സ്‌കൂളുകളില്‍ വെച്ചായിരിക്കും ഇവരുടെ പരീക്ഷകളും നടക്കുക. കുട്ടിക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി തയാറാക്കാന്‍ പങ്കാളികളായ അതത് വിഷയങ്ങളിലെ അധ്യാപകരും സ്‌പെഷല്‍ എഡ്യൂക്കേഷന്‍ അധ്യാപകരും സംയുക്തമായാണ് ചോദ്യപേപ്പറുകള്‍ നിശ്ചയിക്കേണ്ടത്. അംഗീകൃത വിദ്യാഭ്യാസ പദ്ധതിയിലെ പഠന നിലവാരവും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കണം ചോദ്യങ്ങള്‍.
വിദ്യാര്‍ഥിയുടെ ഭിന്നശേഷിയുടെ തീവ്രതയും സ്വഭാവവും കണക്കിലെടുത്ത് പരീക്ഷാ തയാറെടുപ്പുകളും നടത്തിപ്പും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിദഗ്ധരുടെയും സ്‌കൂള്‍ സപ്പോര്‍ട്ട് ടീമിന്‍റെയും മേല്‍നോട്ടത്തിലായിരിക്കും. ചോദ്യങ്ങള്‍ നിശ്ചിത പഠന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം, പരീക്ഷ എഴുതാന്‍ ആവശ്യമായ സമയം കൃത്യമായി നിശ്ചയിക്കണം, കുട്ടിയുടെ ബൗദ്ധിക ചിന്താ ശേഷി അളക്കുന്ന രീതിയിലുള്ള 'ബ്ലൂംസ് ടാക്‌സോണമി' രീതി അവലംബിക്കണം തുടങ്ങിയവയാണ് ഏഴ് മാനദണ്ഡങ്ങളിലെ പ്രധാന നിര്‍ദേശങ്ങള്‍.
ചോദ്യങ്ങളുടെ കാഠിന്യം കുട്ടികളുടെ ആരോഗ്യസ്ഥിതിക്കും അക്കാദമിക് പ്രകടനത്തിനും അനുയോജ്യമായിരിക്കണം. കുട്ടികളുടെ ആവശ്യാനുസരണം പരീക്ഷാ ചോദ്യപേപ്പറില്‍ ചിത്രങ്ങള്‍, മാപ്പുകള്‍ തുടങ്ങിയവയും ഇതര മൂല്യനിര്‍ണയ മാര്‍ഗങ്ങളും ഉള്‍പ്പെടുത്താമെന്നും മന്ത്രാലയത്തിന്‍റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

