ദുബൈയിലെ ഓളപ്പരപ്പിൽ പുതിയ അതിഥിയായി ന്യൂജെൻ അബ്ര
text_fieldsദുബൈയിലെ പുതിയ അബ്രയിൽ ആർ.ടി.എ സംഘം കന്നിയാത്ര നടത്തുന്നു
ദുബൈ: ദുബൈ ക്രീക്കിലെ ഓളപ്പരപ്പിൽ കഴിഞ്ഞ ദിവസം മറ്റൊരു അതിഥികൂടിയെത്തി. പരമ്പരാഗത നിർമാണരീതിയിൽ പണികഴിപ്പിച്ച എന്നാൽ, പുതുതലമുറ സംവിധാനങ്ങളൊരുക്കിയ പുത്തൻ അബ്രയാണ് (മരത്തടി കൊണ്ടു നിർമിച്ച തോണി) നീറ്റിലിറക്കിയത്. പരമ്പരാഗത അബ്രകളുടെ എൻജിൻ ഘടിപ്പിച്ച് ആഫ്രിക്കൻ തടികൊണ്ടുണ്ടാക്കിയ ന്യൂജനറേഷൻ അബ്ര ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്താർ അൽ തായറാണ് നീറ്റിലിറക്കി ഉദ്ഘാടനം ചെയ്തത്. ദുബൈയിലെ സമുദ്ര ഗതാഗത സംവിധാനങ്ങളിൽ സമൂല മാറ്റം ലക്ഷ്യമിട്ട് ആർ.ടി.എ വികസിപ്പിച്ച മാസ്റ്റർ പ്ലാനിെൻറ ഭാഗമാണ് പുതിയ അബ്രയുടെ പ്രവർത്തനം. പ്രതിവർഷം 14 ദശലക്ഷം യാത്രക്കാർക്ക് പ്രയോജനം ചെയ്യും. 2025ഓടെ സമുദ്ര ഗതാഗത സ്റ്റേഷനുകളുടെ എണ്ണം 59 ആയി ഉയർത്താനും 26 സമുദ്ര ഗതാഗത മോഡുകൾ നിർമിക്കാനും ആർ.ടി.എക്ക് പദ്ധതിയുണ്ട്. ദുബൈ ക്രീക്കിലും ജുമൈറ ബീച്ചുകളിൽ തീരപ്രദേശത്തും പുതിയ ലൈനുകൾ തുറക്കാനും ദുബൈ വാട്ടർ കനാലിനടുത്തുള്ള പുതിയ ദ്വീപുകൾക്ക് ലൈനുകൾ തുറക്കാനും പദ്ധതിയിടുന്നതായി മത്താർ അൽ തായർ വ്യക്തമാക്കി. ക്രീക്കിനെ അറേബ്യൻ ഗൾഫ് ബീച്ചുമായി ബന്ധിപ്പിക്കുന്ന വാട്ടർ കനാൽ ആരംഭിച്ചശേഷം സമുദ്രഗതാഗത മോഡുകൾ, സ്റ്റേഷനുകൾ, യാത്രക്കാർ എന്നിവയിൽ ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്തും പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പണികഴിപ്പിച്ച പുതിയ അബ്രയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒട്ടേറ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 35 അടി നീളവും 10.5 അടി വീതിയുമുള്ള അബ്രയിൽ 20 യാത്രക്കാരെ ഉൾക്കൊള്ളാനാവും. പുതിയ പതിപ്പുകളിലെ എൻജിനുകൾ വിദൂര നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന നിലയിലാണ് നിർമിച്ചിരിക്കുന്നത്. സൂപ്പർ പവറിലാണ് നിർമാണം. 78 എച്ച്.പി ഡീസൽ എൻജിനാണ് പ്രവർത്തിക്കുന്നത്. പഴയതിന് 30 എച്ച്.പി ഡീസൽ എൻജിനാണ്.
ദുബൈ യൂനിവേഴ്സൽ ഡിസൈൻ കോഡ് ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷെൻറ നിബന്ധനകൾ ഉറപ്പാക്കിയതുകൊണ്ട് രണ്ട് വീൽചെയറുകൾ ഉണ്ടായിരിക്കും. സീറ്റിനടിയിൽ ലൈഫ് ജാക്കറ്റുകളുണ്ടാകും. ജി.പി.എസ്, കാമറകൾ, നോൽ കാർഡ് പേയ്മെൻറ് സംവിധാനങ്ങളും ഉണ്ടാകും. അഗ്നിബാധയുണ്ടായാൽ എളുപ്പത്തിൽ തടയാനുള്ള സംവിധാനങ്ങളുമുണ്ട്.
അബ്രയിൽ നിലവിൽ പ്രതിവർഷം യാത്രചെയ്യുന്നത് 1.4 കോടി പേരാണ്. 2025ഓടെ 59 സ്റ്റേഷനുകൾകൂടി ഒരുക്കും. പുതുതായി 26ഓളം സമുദ്രഗതാഗത രീതികൾ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

