ഇമാറാത്തി സംസ്കാരം ലോകമെങ്ങും വ്യാപിപ്പിക്കാൻ പുതിയ ഫൗണ്ടേഷൻ
text_fieldsശൈഖ് സുൽത്താൻ ബിൻ
മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി
ദുബൈ: അതിരുകൾക്കപ്പുറത്തേക്ക് ഇമാറാത്തി സംസ്കാരം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പുതിയ സംഘടനക്ക് രൂപം നൽകി. നോളജ് വിത്തൗട്ട് ബോർഡേഴ്സ് (കെ.ഡബ്ല്യു.ബി) എന്നു പേരിട്ട ഫൗണ്ടേഷന്റെ ആസ്ഥാനം ഷാർജയായിരിക്കും.
ശൈഖ ബുദൂർ ബിൻത് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയായിരിക്കും ചെയർപേഴ്സൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ശാഖ തുടങ്ങും. അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേര് വീണ്ടും ഊട്ടിയുറപ്പിക്കുന്ന നടപടിയാണ് ഷാർജ ഭരണാധികാരികളിൽനിന്നുണ്ടായത്.
രാജ്യത്തിന്റെ സാംസ്കാരിക നയം രൂപപ്പെടുത്തുന്നതിനു പുറമെ ആഗോള മേഖലയിൽ ഇമാറാത്തി സംസ്കാരത്തിന്റെ സാന്നിധ്യം വർധിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നു. വായനയുടെ സംസ്കാരം പ്രചരിപ്പിക്കും. രാജ്യത്ത് പുസ്തകങ്ങളുടെ നിർമാണം, വിതരണം, പ്രസിദ്ധീകരണം എന്നിവ പ്രോത്സാഹിപ്പിക്കും. രാജ്യത്തിനകത്തും പുറത്തും സാംസ്കാരിക, പ്രസിദ്ധീകരണ മേഖലയിൽ താൽപര്യമുള്ളവർ തമ്മിലുള്ള ആശയവിനിമയവും വിവര കൈമാറ്റവും മെച്ചപ്പെടുത്തും. വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കും.
സാംസ്കാരിക, പ്രസിദ്ധീകരണ മേഖലകളിൽ ഗവേഷണവും ശാസ്ത്രീയ പഠനങ്ങളും നടത്താൻ ഗവേഷകരെയും വിദഗ്ധരെയും പ്രോത്സാഹിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രചയിതാക്കൾ, ചിത്രകാരന്മാർ, പ്രസാധകർ എന്നിവർ തമ്മിൽ പരിചയപ്പെടാൻ അവസരം സൃഷ്ടിക്കും.
സ്ഥാപനത്തിന്റെ പൊതുവായ നയം രൂപപ്പെടുത്തുന്നത് ചെയർപേഴ്സന്റെ അനുമതിയോടെയായിരിക്കും.
രൂപത്തിലും ഉള്ളടക്കത്തിലും ഉയർന്ന നിലവാരമുള്ള പുസ്തകങ്ങൾ നിർമിക്കാൻ രചയിതാക്കളെയും ചിത്രകാരന്മാരെയും പ്രസാധകരെയും പ്രചോദിപ്പിക്കുന്നതിന് ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കാനും പുതിയ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

