റാസൽഖോറിനെയും നാദൽ ഹമറിനെയും ബന്ധിപ്പിച്ച് പുതിയ പാലം
text_fieldsറാസൽഖോറിനെയും നാദൽ ഹമറിനെയും ബന്ധിപ്പിച്ച് തുറന്ന പുതിയ പാലം
ദുബൈ: ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ റാസൽഖോർ-നാദൽ ഹമർ ഫ്ലൈ ഓവർ തുറന്നു. റാസൽഖോറിൽനിന്ന് നാദൽ ഹമർ റോഡിലേക്ക് ഗതാഗതതടസ്സമോ സിഗ്നലോ ഇല്ലാതെ കയറാവുന്ന പാലമാണ് തുറന്നുകൊടുത്തത്. 1471 മീറ്റർ നീളം വരുന്ന റോഡിലൂടെ മണിക്കൂറിൽ 30,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.
രണ്ടുവരി പാതയാണ് നിർമിച്ചിരിക്കുന്നത്. നാദൽ ഹമർ റോഡിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് തടസ്സമില്ലാതെ കടക്കാൻ കഴിയും. റാസൽഖോർ റോഡിൽനിന്ന് നാദ അൽ ഹമറിലേക്കുള്ള വലതുവശത്തേക്ക് തിരിയുന്നത് എളുപ്പമാക്കുന്നതിന് 368 മീറ്റർ നീളമുള്ള തുരങ്കവും ഇതിൽ ഉൾപ്പെടുന്നു. റോഡ് വിപുലീകരണവും നടക്കുന്നുണ്ട്.
ഇത് ഏപ്രിലോടെ പൂർത്തിയാകുമെന്ന് കരുതുന്നു. പുതിയ റോഡ് ദുബൈയിലെ ഗതാഗതം വേഗത്തിലാക്കുമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ആർ.ടി.എ നടപ്പാക്കുന്ന വലിയ പദ്ധതികളിലൊന്നാണ് ശൈഖ് റാശിദ് ബിൻ സഈദ് കോറിഡോർ പദ്ധതി.
പലഘട്ടങ്ങളിലായി നടക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ബുകദ്ര ജങ്ഷനിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽനിന്ന് ഏഴായി കുറയും. റോഡിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 10,000മായി വർധിക്കും. ദുബൈ-അൽഐൻ റോഡിന്റെ ഇന്റർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ റാസൽഖോർ റോഡിലൂടെ എട്ടു കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സുരക്ഷിതമായ ഗതാഗതവും തടസ്സമില്ലാത്ത യാത്രയും നിലവിലുള്ള ഓവർലാപ്പിങ് ട്രാഫിക് സ്പോട്ടുകൾ ഇല്ലാതാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 6,50,000 വരുന്ന താമസക്കാർ ഉൾപ്പെടുന്ന ലഗൂൺസ്, ദുബൈ ക്രീക്ക്, മൈദാൻ ഹൊറൈസൺ, റാസൽ ഖോർ, അൽ വാസൽ, നാദ് അൽ ഹമർ കോംപ്ലക്സ് മേഖലയിലുള്ളവർക്ക് ഉപകാരപ്രദമാണ് പദ്ധതി. കഴിഞ്ഞവർഷം ഡിസംബറിലാണ് ആദ്യഘട്ടം പൂർത്തിയാക്കി തുറന്നുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

