ദുബൈയിൽ പുതിയ പാർക്ക് തുറന്ന് ദുബൈ മുനിസിപ്പാലിറ്റി
text_fieldsഅൽ അവീർ 2ൽ നിർമാണം പൂർത്തിയായ പുതിയ പാർക്ക്
ദുബൈ: എമിറേറ്റിലെ നഗരവാസികൾക്ക് ഒഴിവ് സമയം കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ പുതിയ ഒരു പാർക്ക് കൂടി തുറന്ന് ദുബൈ മുനിസിപ്പാലിറ്റി. അൽ അവീർ 2വിലാണ് പുതിയ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. 10,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച പാർക്കിൽ കുടുംബങ്ങൾക്ക് വിനോദത്തിനായി വിത്യസ്ത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അൽ അവീർ 2 പ്രദേശത്തിന്റെ ഗ്രാമീണ മനോഹാരിതയിൽനിന്നും പ്രകൃതി സൗന്ദര്യത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാർക്കിന്റെ രൂപകൽപന. എമിറേറ്റിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സത്തയെ പ്രതിഫലിപ്പിക്കുന്നതാണിത്.
ഖാഫ്, അൽ ഷുറൈഷ്, ഇന്ത്യൻ മുല്ല എന്ന് അറിയപ്പെടുന്ന പ്ലുമീറിയ, വൈക്സ്, ആൽബിസിയ തുടങ്ങിയ മരങ്ങളും പാർക്കിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതാണ്.
പുല്ലുകൾ വെച്ചു പിടിപ്പിച്ച് ഹരിത ഇടങ്ങളെ മനോഹരമാക്കിയിട്ടുമുണ്ട്.കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, ജോഗിങ്ങിനും വ്യായാമത്തിനുമായുള്ള ട്രാക്കുകൾ, ഫിറ്റ്നസ് ഉപകരണങ്ങൾ എന്നിവയും പ്രത്യേകം സജ്ജമാണ്.
പാർക്കിന്റെ പരിസര പ്രദേശങ്ങളിലുള്ള നിവാസികൾക്ക് ഇത് ആരോഗ്യ സംരക്ഷണത്തിന് സഹായകരമാവും. പൊതു പാർക്കുകൾ, വിനോദ സൗകര്യങ്ങൾ, കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള പ്രത്യേക ഇടങ്ങൾ എന്നിവയുടെ നിർമാണം ദുബൈ മുനിസിപ്പാലിറ്റി തുടർന്ന് വരുന്ന വികസന പദ്ധതികളുടെ ഭാഗമാണെന്ന് സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു.
ദുബൈ ജനതയുടെ സാമൂഹിക ക്ഷേമവും മികച്ച ജീവിത നിലവാരവും ഉയർത്താൻ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഒരുക്കുകയാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.
പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ദുബൈ എമിറേറ്റിന്റെ സൗന്ദര്യവും സുസ്ഥിരതയും വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

