റിയൽ എസ്റ്റേറ്റ് ആസ്തികൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം
text_fieldsദുബൈ: യു.എ.ഇ ഫെഡറൽ സർക്കാറിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ വിവരങ്ങൾ ഏകീകരിച്ച് നിയന്ത്രിക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചതായി ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പൊതു ആസ്തികൾ നിയന്ത്രിക്കുന്നത് ആധുനികവത്കരിക്കുന്നതിന്റെയും ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ‘ഫെഡറൽ ഗവൺമെന്റ് റിയൽ എസ്റ്റേറ്റ് അസറ്റ്സ് പ്ലാറ്റ്ഫോം’ എന്ന പേരിലുള്ള ഈ സംവിധാനം ഫെഡറൽ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ റിയൽ എസ്റ്റേറ്റ് ആസ്തികളുടെയും ഏകീകൃത ഇലക്ട്രോണിക് രജിസ്ട്രിയായി പ്രവർത്തിക്കും. യൂനിയൻ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച 2023ലെ ഫെഡറൽ നിയമം അനുസരിച്ച്, ഫെഡറൽ ഇലക്ട്രോണിക് രജിസ്ട്രി സ്ഥാപിക്കണമെന്ന നിർദേശം ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
ദുബൈയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ധനകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽഖൂരി, സർക്കാർ ധനകാര്യ മാനേജ്മെന്റ് മേഖലയുടെ അസി. അണ്ടർസെക്രട്ടറി മർയം മുഹമ്മദ് അൽ അമീരി എന്നിവർ ഉൾപ്പെടെ ഫെഡറൽ സ്ഥാപനങ്ങളുടെ പ്രതിനിധികളും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. മറ്റ് ഫെഡറൽ സംവിധാനങ്ങളുമായി പ്ലാറ്റ്ഫോം സംയോജിപ്പിച്ചിരിക്കുന്നതിനാൽ ആസ്തി രേഖകൾ സ്ഥിരമായി പുതുക്കാൻ സാധിക്കുമെന്നും, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലിന് സഹായകരമായ റിപ്പോർട്ടുകളും പ്രവർത്തന സൂചികകളും ഇത് സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

