ഫുജൈറയിൽ പുതിയ കടൽജല ശുദ്ധീകരണ പ്ലാന്‍റ്
text_fieldsദുബൈ: ഫുജൈറ തുറമുഖത്തോട് ചേർന്ന് 100 കോടി ദിർഹം ചെലവിട്ട് വമ്പൻ കടൽജല ശുദ്ധീകരണ പ്ലാന്‍റ് നിർമിക്കുന്നു. പ്ലാന്‍റിന് പ്രതിദിനം 60 ദശലക്ഷം ഗാലൻ ജലം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.
അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് എക്സിബിഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇത്തിഹാദ് വിയുടെ അനുബന്ധ സ്ഥാപനമായ എൻ.എം.ഡി.സി ഇൻഫ്രായും ലാന്‍റാനിയ ആഗസും പ്ലാന്‍റ് നിർമാണ കരാറിൽ ഒപ്പുവെച്ചു. എൻ.എം.ഡി.സി ഇൻഫ്രാ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ ഷെഗി, ലാന്‍റാനിയ സി.ഇ.ഒ പെഡ്രോ അൽമാർഗോ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ആർ.ഒ സാങ്കേതിക വിദ്യയോട് കൂടിയ അതി നൂതനമായ പ്ലാന്‍റ് നിർമിക്കാനാണ് കരാർ. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലേക്കുള്ള ജലവിതരണം ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്‍റെ ദീർഘകാല ജല സുരക്ഷ ലക്ഷ്യങ്ങളെ പിന്തുണക്കുകയുമാണ് ലക്ഷ്യം. 18 മണിക്കൂർ ഉൽപ്പാദനത്തിന് തുല്യമായ സംഭരണ ശേഷിയും പ്ലാന്‍റിനുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത്തിഹാദ് വി ഏറ്റെടുക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. നേരത്തെ നഖയിൽ നിർമിച്ച കടൽജല ശുദ്ധീകരണ പ്ലാന്‍റിന് പ്രതിദിനം 150 ഇംപീരിയൽ ഗാലൻ ജല ഉൽപാദന ശേഷിയുണ്ടായിരുന്നു.
ഫുജൈറ പ്ലാന്‍റിന്‍റെ നിർമാണം പൂർത്തീകരിക്കാൻ 30 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഭാഗികമായ ഉൽപ്പാദന ശേഷിയോടെ പ്രവർത്തനം ആരംഭിച്ച ശേഷം പൂർണ ഉൽപാദന ശേഷിയായ 60 ഇംപീരിയൽ ഗാലനിൽ എത്തിക്കും.
പദ്ധതി പൂർണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഫുജൈറയിലേയും ഇത്തിഹാദ് വിയുടെ സേവന മേഖലയിലേയും വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവക്ക് പീക്ക് സമയങ്ങളിൽ സുഗമമായ ജല വിതരണം ഉറപ്പുവരുത്താനാകും. ഊർജ കാര്യക്ഷമതയുള്ള റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജല ഉൽപ്പാദനം വിപുലമാക്കാനുള്ള ഇത്തിഹാദ് വിയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

