യു.എ.ഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
text_fieldsവിദ്യാഭ്യാസ മന്ത്രാലയം
ദുബൈ: യു.എ.ഇയിലെ നഴ്സറി, സ്കൂൾ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. പ്രവേശനം നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയിലാണ് പ്രധാന മാറ്റം. അടുത്ത അധ്യയന വർഷം മുതൽ കെ.ജി, ഗ്രേഡ് വൺ ക്ലാസുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ പ്രായം കണക്കാക്കുന്ന രീതി മാറും. പ്രവേശനം നേടുന്ന വർഷം ഡിസംബർ 31നകം നിശ്ചിത പ്രായം തികയുന്ന കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം അനുവദിക്കും. നിലവിൽ ഇത് ആഗസ്റ്റ് 31 ആയിരുന്നു.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രി-കെ.ജി അഥവാ എഫ്.എസ്-1 ക്ലാസുകളിൽ പ്രവേശനത്തിന് ഡിസംബർ 31നകം മൂന്ന് വയസ്സ് തികയണം. കെ.ജി-1 അല്ലെങ്കിൽ എഫ്.എസ് 2 പ്രവേശനത്തിന് നാല് വയസ്സും കെ.ജി-2 അല്ലെങ്കിൽ ഇയർ-1 പ്രവേശനത്തിന് അഞ്ചു വയസ്സും തികയണം. ഒന്നാം ഗ്രേഡിൽ (ഇയർ-2) ചേരുന്ന കുട്ടികൾക്ക് ആറു വയസ്സ് തികഞ്ഞിരിക്കണം. ബ്രിട്ടീഷ്, ഫ്രഞ്ച്, യു.എസ് ഉൾപ്പെടെയുള്ള മുഴുവൻ പാഠ്യപദ്ധതി തുടരുന്നവർക്കും ഈ പ്രായപരിധി ബാധകമാണ്.
ആഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന സ്കൂളുകൾക്കും നഴ്സറികൾക്കുമാണ് പുതിയ നിയമം ബാധകമാകുക. ഏപ്രിലിൽ ക്ലാസുകൾ തുടങ്ങുന്ന സ്കൂളുകളിൽ നിലവിലുള്ള മാർച്ച് 31 എന്ന കട്ട് ഓഫ് തീയതിയിൽ മാറ്റമുണ്ടാകില്ല. പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. നിലവിൽ പഠനം നടത്തുന്ന വിദ്യാർഥികളെ മാറ്റം ബാധിക്കില്ല. വിദേശത്തു നിന്ന് വരുന്നവർക്കും മറ്റ് സ്കൂളുകളിൽ നിന്ന് ട്രാൻസ്ഫർ ആയി വരുന്നവർക്കും അവർ അവസാനമായി പൂർത്തിയാക്കിയ ക്ലാസിന്‍റെയും അകാദമിക യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക.
രാജ്യാന്തര നിലവാരത്തിനൊപ്പം വിദ്യാഭ്യാസ നയങ്ങൾ ക്രമീകരിക്കുന്നതിനും പ്രവേശന നടപടികളിലെ അസമത്വം ഒഴിവാക്കുന്നതിനുമാണ് പുതിയ പരിഷ്കാരമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മുൻ കട്ട് ഓഫ് തീയതി അനുസരിച്ച് പ്രവേശനം നേടിയ മൂന്ന്, നാല്, അഞ്ച് വയസ്സിന് താഴേയുള്ള 39,000 കുട്ടികളുടെ പഠനിലവാരം പരിശോധിച്ചതിൽ നിന്നും നേരത്തെ സ്കൂളിൽ ചേരുന്നത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പ്രായപരിധി നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

