അബൂദബി-ദുബൈ പാതയിൽ പുതിയ കമ്യൂണിറ്റി വരുന്നു
text_fieldsഅബൂദബി പോർട്സ് ഗ്രൂപ്പും മിറ ഡെവലപ്മെന്റ്സും 247 കോടി ദിർഹമിന്റെ ഭൂമി വിൽപന കരാറിൽ ഒപ്പുവെക്കുന്നു
അബൂദബി: ദുബൈ, അബൂദബി എമിറേറ്റുകൾക്കിടയിൽ 50 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കമ്യൂണിറ്റി വരുന്നു. താമസത്തിനൊപ്പം ആഡംബര ഹോട്ടലുകൾ, സർവകലാശാലകൾ, സ്കൂളുകൾ എന്നിവയും മേഖലയിലെ ഏറ്റവും വലിയ മാളുകളിലൊന്നും ഇവിടെ നിർമിക്കും. പ്രദേശത്ത് ബിസിനസ് കോംപ്ലക്സും ലോകോത്തര ഗോൾഫ് കോഴ്സുകളും സജ്ജമാക്കുന്നുണ്ട്. അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും 50 കി.മീറ്റർ ദൂരത്തിനിടയിലാണ് പുതിയ കേന്ദ്രം.
കമ്യൂണിറ്റി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബി പോർട്സ് ഗ്രൂപ്പും മിറ ഡെവലപ്മെന്റ്സും 247 കോടി ദിർഹമിന്റെ ഭൂമി വിൽപന കരാറിൽ ഒപ്പുവെച്ചു. അബൂദബി-ദുബൈ ഹൈവേക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന അൽ മർമൂറ ഡിസ്ട്രിക്റ്റിലെ പ്രധാന കമ്യൂണിറ്റിയായി മാറുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷത്തോടെ നിർമാണം ആരംഭിക്കുന്ന കമ്യൂണിറ്റിയിൽ വിവിധ ബ്രാൻഡുകളിലുള്ള പ്രോപ്പർട്ടികളും വലിയ നിക്ഷേപത്തിന് സാധ്യത കൽപിക്കുന്നു. 10 വർഷത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
മിറ ഡെവലപ്മെന്റ്സുമായുള്ള സുപ്രധാന കരാർ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും പുതിയ നിക്ഷേപം ആകർഷിക്കുന്നതിലുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എ.ഡി പോർട്സിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ശംസി പറഞ്ഞു. ഭൂമി വിൽപന ഗ്രൂപ്പിന് പുതിയ വരുമാന സ്രോതസ്സ് നൽകുന്നതും കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

