ദുബൈയിൽ പുതിയ ശിശുപരിചരണ കേന്ദ്രത്തിന് തുടക്കം
text_fieldsആസ്റ്റർ ക്ലിനിക്സ്, ഡി.വൈ.യു ഹെൽത്ത് കെയറുമായി സഹകരിച്ച് ബർ ദുബൈയിൽ ആരംഭിച്ച പുതിയ സംയോജിത ശിശു പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ പ്രതിനിധികളായ ടി.ജെ. വിൽസൺ, ഡോ. ഷർബാസ് ബിച്ചു, ഡോ. രാമനാഥൻ വെങ്കിടേശ്വരൻ, ഡി.വൈ.യു ഹെൽത്ത്കെയർ കൺസൾട്ടൻസിയുടെ സഹസ്ഥാപകൻ ഡോ. പ്രശാന്ത് ഗൗഡ എന്നിവർ
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ആരോഗ്യ പരിചരണ സേവനദാതാക്കളായ ആസ്റ്റർ ക്ലിനിക്സ്, ശിശു പരിചരണ സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ഡി.വൈ.യു ഹെൽത്ത് കെയറുമായി സഹകരിച്ച്, ബർ ദുബൈയിൽ പുതിയ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു.
വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് ഈ കേന്ദ്രം വിവിധ തലങ്ങളിലെ സമഗ്രമായ മെഡിക്കൽ പരിചരണം നൽകും. ബർ ദുബൈയിലെ ആസ്റ്റർ ക്ലിനിക്കിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ചലനശേഷി, ശക്തി, ഏകീകൃത പ്രവർത്തനം, ബോധം, സംവാദം, സാമൂഹിക കഴിവുകൾ, മാനസിക വളർച്ച തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി സ്ക്രീനിങ്, വിലയിരുത്തലുകൾ, മറ്റു ആവശ്യമായ ഇടപെടൽ എന്നിവ ഉറപ്പാക്കുന്ന സേവനങ്ങൾ നൽകും. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെയും പുനരധിവാസ വിദഗ്ധരെയും ചേർത്ത് കുട്ടികൾക്ക് വ്യക്തിഗത പരിചരണം നൽകുന്ന മാതൃകയാണ് കേന്ദ്രം പിന്തുടരുന്നത്.
യു.എ.ഇയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യസംരക്ഷണ സേവനങ്ങൾ നൽകാനുള്ള ആസ്റ്ററിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സംയോജിത ശിശു പരിചരണ കേന്ദ്രമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും, ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. ഡി.വൈ.യു ഹെൽത്ത് കെയറുമായുള്ള പങ്കാളിത്തം ആദ്യപടി മാത്രമാണെന്നും യു.എ.ഇയിലെ ആസ്റ്റർ ശൃംഖലകളിലുടനീളം ഈ സേവനങ്ങൾ വിപുലീകരിക്കാൻ കാത്തിരിക്കുകയാണെന്നും അലീഷ മൂപ്പൻ വ്യക്തമാക്കി.
യു.എ.ഇയിൽ പ്രത്യേക പരിചരണത്തിന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും കുട്ടികൾക്ക് ശരിയായ മൂല്യനിർണയം, കൗൺസലിങ്, പ്രത്യേക പരിചരണം എന്നിവ നൽകാൻ ഈ കേന്ദ്രത്തിന് സാധിക്കുമെന്നും ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്സ് യു.എ.ഇ, ബഹ്റൈൻ, ഒമാൻ സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു. ബർ ദുബൈയിൽ ആദ്യമായി ഇത്തരത്തിലുള്ള ശിശു പരിചരണ കേന്ദ്രം ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡി.വൈ.യു ഹെൽത്ത് കെയർ കൺസൾട്ടൻസി സഹസ്ഥാപകനും, ഡി.വൈ.യു ഹെൽത്ത് കെയർ ഇന്ത്യയുടെ സ്ഥാപകനുമായ ഡോ. പ്രഷാന്ത് ഗൗഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

