ദുബൈ-അബൂദബി റൂട്ടിൽ പുതിയ ബസ് സർവിസ്
text_fieldsദുബൈ: യാത്രക്കാർക്കായി ദുബൈ-അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽഖൂസ് ബസ് സ്റ്റേഷനിൽനിന്ന് അബൂദബി എം.ബി.ഇസെഡ് ബസ് സ്റ്റേഷനിലേക്കാണ് പുതിയ റൂട്ട്. 25 ദിർഹമാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ്. ദുബൈയിൽനിന്ന് അബൂദബിയിലേക്ക് ഇടയിൽ സ്റ്റോപ്പില്ലാതെയായിരിക്കും സർവിസ്. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് ഉണ്ടായിരിക്കുകയും ചെയ്യും. അബൂദബിയിലും അൽഐനിലും സേവനം നടത്തുന്ന പൊതുഗതാഗത കമ്പനിയായ കാപിറ്റൽ എക്സ്പ്രസുമായി സഹകരിച്ചാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കുന്നത്.
രണ്ട് എമിറേറ്റുകൾക്കിടയിൽ മൂന്ന് മണിക്കൂർ ഇടവിട്ടാണ് ബസ് സർവിസ് നടത്തുകയെന്നും ആർ.ടി.എ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. അതേസമയം ബസിന്റെ നമ്പറോ മറ്റു വിശദവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നോൽകാർഡ് ഉപയോഗിച്ചും കാർഡും കാഷും ഉപയോഗിച്ചും ടിക്കറ്റ് നിരക്കുകൾ നൽകാനുള്ള സൗകര്യവുമുണ്ടായിരിക്കും.പൊതുഗതാഗതം എളുപ്പമാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ ദുബൈക്കും ഷാർജക്കും ഇടയിൽ യാത്ര എളുപ്പമാക്കി ആർ.ടി.എ പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ചിരുന്നു. ഇ 308 എന്ന റൂട്ട് ദുബൈ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജ ജുബൈൽ ബസ് സ്റ്റേഷനുമിടയിലാണ് സർവിസ് നടത്തുന്നത്. ഇരു എമിറേറ്റുകൾക്കുമിടയിൽ ദിവസവും ഏറെ യാത്രക്കാർ സഞ്ചരിക്കുന്നതിനാൽ ധാരാളം പേർക്ക് സർവിസ് ഉപകാരപ്പെടുന്നുണ്ട്. മേയ് രണ്ട് വെള്ളിയാഴ്ച മുതലാണ് സർവിസ് ആരംഭിച്ചത്. വൺവേ യാത്രക്ക് നിരക്ക് 12 ദിർഹമാണ്. പൊതുഗതാഗത ബസ് സർവിസുകൾ വിപുലീകരിക്കുന്നതിനും മെട്രോ, ട്രാം, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്ന രീതിയാണ് ആർ.ടി.എ പിന്തുടരുന്നത്. എമിറേറ്റുകൾക്കിടയിൽ ഏറ്റവും സ്വീകാര്യമായ ഗതാഗത രീതിയെന്ന നിലയിലാണ് ഇൻറർസിറ്റി ബസ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

