അജ്മാനിൽ പുതിയ ബസ് സര്‍വിസ് തുടങ്ങി
text_fieldsഅജ്മാൻ: അജ്മാനിലെ പുതിയ മേഖലയിലേക്കുകൂടി ബസ് സര്‍വിസ് ആരംഭിച്ച് അജ്മാന് ട്രാൻസ്പോർട്ട് അതോറിറ്റി. ശൈഖ് അമ്മാര്‍ സ്ട്രീറ്റിലേക്കാണ് പൊതു ബസ് സർവിസുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് പുതിയ സര്‍വിസ് ആരംഭിച്ചത്. അജ്മാനിലെ അല്‍ മുല്ല ബസ് സ്റ്റേഷനില്‍നിന്ന് അൽ നുഐമിയ വഴി 10 സ്റ്റോപ്പുകള്‍ അടക്കം ശൈഖ് അമ്മാര്‍ സ്ട്രീറ്റില്‍ എത്തുന്ന തരത്തിലാണ് ബസുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു.
എമിറേറ്റിലെ ഗതാഗത മേഖല വികസിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 6.30 മുതൽ രാത്രി 10.30 വരെ ഓരോ അരമണിക്കൂറിലും ഈ മേഖലയിലേക്ക് ബസ് സര്‍വിസ് ഉണ്ടായിരിക്കും. യാത്രസമയത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്ക് 600599997 എന്ന വാട്സ്ആപ് നമ്പറിലൂടെയോ സോഷ്യൽ മീഡിയ സൈറ്റുകളില്നിന്നോ അതോറിറ്റിയുടെ വെബ്സൈറ്റായ ta.gov.ae വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷനായ 'മസാർ'വഴിയോ ആശയവിനിമയം നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളുകളും പുതിയ താമസ കേന്ദ്രങ്ങളുമുള്ള ഈ മേഖലയിലേക്കുള്ള ബസ് സര്‍വിസ് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.

