അജ്മാനിൽനിന്ന് അബൂദബിയിലേക്ക് പുതിയ ബസ് സർവിസ്
text_fieldsഅജ്മാൻ ബസ്
അജ്മാന്: അജ്മാനില്‍നിന്ന് അബൂദബിയിലേക്ക് പുതിയ ബസ് സർവിസുമായി ഗതാഗത വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ക്യാപിറ്റൽ എക്സ്പ്രസുമായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം അജ്മാൻ എമിറേറ്റിൽനിന്ന് അബൂദബി എമിറേറ്റിലേക്കും തിരിച്ചും ഫാസ്റ്റ് ബസ് ലൈൻ ബസുകള്‍ ഒരുക്കും. അജ്മാൻ എമിറേറ്റിലെ അൽമുസല്ല സ്റ്റേഷനിൽ നിന്നാണ് അബൂദബി ബസ് സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അജ്മാനിൽനിന്ന് ആദ്യ ബസ് രാവിലെ ഏഴിന് പുറപ്പെടും. അവസാന ബസ് വൈകീട്ട് ആറിനായിരിക്കും. അബൂദബി ബസ് സ്റ്റേഷനിൽനിന്ന് അജ്മാനിലേക്കുള്ള ആദ്യ ബസ് രാവിലെ പത്തിന് പുറപ്പെടും. വൈകീട്ട് ഒമ്പതിന് അബൂദബിയില്‍നിന്ന് അവസാനത്തെ ബസ് പുറപ്പെടും. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹമാണ്. അബൂദബി എമിറേറ്റിലേക്കും തിരിച്ചും ദിവസേന നേരിട്ടുള്ള നാല് സർവിസുണ്ടാകുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് പെർമിറ്റ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സമി അൽജലാഫ് പറഞ്ഞു. അജ്മാൻ, അബൂദബി എമിറേറ്റുകൾക്കിടയിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിന് പുറത്തുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും നിരീക്ഷണ കാമറകള്‍ അടക്കം ആവശ്യമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അബൂദബിയിലേക്ക് ബസ് സർവിസുകള്‍ കുറവായിരുന്നതിനാല്‍ മറ്റ് എമിറേറ്റുകളില്‍ പോയി ബസ് മാറിക്കയറണമെന്ന കടമ്പക്ക് ഇതോടെ വലിയ ആശ്വാസമാകും. അജ്മാനില്‍നിന്ന് തിരിച്ചും ബസ് സർവിസ് ആരംഭിക്കുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാകും.

