ദുബൈ-ഷാർജ യാത്രക്ക് പുതിയ ബസ് റൂട്ട്
text_fieldsആർ.ടി.എയുടെ ഇന്റർസിറ്റി ബസ്
ദുബൈ: ദുബൈക്കും ഷാർജക്കും ഇടയിൽ യാത്ര എളുപ്പമാക്കി പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഇ308 എന്ന റൂട്ട് ദുബൈ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജ ജുബൈൽ ബസ് സ്റ്റേഷനുമിടയിലാണ് സർവിസ് നടത്തുക. ഇരു എമിറേറ്റുകൾക്കുമിടയിൽ ദിവസവും ഏറെ യാത്രക്കാർ സഞ്ചരിക്കുന്നതിനാൽ ധാരാളം പേർക്ക് സർവിസ് ഉപകാരപ്പെടും. മേയ് രണ്ട് വെള്ളിയാഴ്ച മുതലാണ് സർവിസ് ആരംഭിക്കുന്നത്. വൺവേ യാത്രക്ക് നിരക്ക് 12 ദിർഹമാണ്.
പൊതുഗതാഗത ബസ് സർവിസുകൾ വിപുലീകരിക്കുന്നതിനും മെട്രോ, ട്രാം, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്നതിനും ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് അതോറിറ്റിയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ആദിൽ ശാകിരി പറഞ്ഞു. എമിറേറ്റുകൾക്കിടയിൽ ഏറ്റവും സ്വീകാര്യമായ ഗതാഗത രീതിയെന്ന നിലയിൽ ഇൻറർസിറ്റി ബസ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൂട്ട് ഇ-308 ആരംഭിക്കുന്നതിനുപുറമെ, കാര്യക്ഷമത, സൗകര്യം, മൊത്തത്തിലുള്ള യാത്രക്കാരുടെ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആർ.ടി.എ നിരവധി സേവന പരിഷ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിഷ്കരിച്ച റൂട്ടുകൾ
- റൂട്ട് 17: ഇപ്പോൾ ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനിൽ അവസാനിക്കുന്നത് അൽ സബ്ക ബസ് സ്േറ്റഷനിലേക്ക് മാറും.
- റൂട്ട് 24: കൂടുതൽ സ്ഥലങ്ങളിലൂടെ പോകുന്നതിനായി അൽ നഹ്ദ 1 ഏരിയക്കുള്ളിലൂടെ വഴിതിരിച്ചുവിടും.
- റൂട്ട് 44: അൽ റാബത്ത് സ്ട്രീറ്റ് വഴി ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്ക് സർവിസ് നടത്തും.
- റൂട്ട് 56: ഡി.ഡബ്ല്യു.സി സ്റ്റാഫ് വില്ലേജ് കൂടി ഉൾപ്പെടുത്തി റൂട്ട് വികസിപ്പിച്ചു.
- റൂട്ട് 66, 67: അൽ റുവായ ഫാം ഏരിയയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു.
- റൂട്ട് 32സി: അൽ ജാഫിലിയക്കും അൽ സത്വക്കും ഇടയിലെ സർവിസ് വെട്ടിക്കുറച്ചു. അൽ സത്വയിലേക്കുള്ള യാത്രക്കാർക്ക് റൂട്ട് എഫ് 27 ഉപയോഗിക്കാം.
- റൂട്ട് സി 26: അവസാന സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽനിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 2ലേക്ക് മാറ്റി.
- റൂട്ട് ഇ16: അൽ സബ്ഖക്ക് പകരം ക്നിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കും.
- റൂട്ട് എഫ്12: അൽ സത്വ റൗണ്ട് എബൗട്ടിനും അൽ വാസൽ പാർക്കിനും ഇടയിലുള്ള ഭാഗം ഒഴിവാക്കി. പകരം കുവൈത്ത് സ്ട്രീറ്റ് വഴി വഴിതിരിച്ചുവിട്ടു.
- റൂട്ട് എഫ് 27: മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 2 ലേക്ക് സ്റ്റോപ്പ് മാറ്റി.
- റൂട്ട് എഫ് 47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയക്കുള്ളിലേക്ക് വഴിതിരിച്ചുവിട്ടു.
- റൂട്ട് എഫ് 54: പുതിയ ‘ജാഫ്സ’ സൗത്ത് ലേബർ ക്യാമ്പിലേക്ക് സർവിസ് വികസിപ്പിച്ചു.
- റൂട്ട് എക്സ് 92: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 1 ലേക്ക് സ്റ്റോപ്പ് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

