അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയ സമുച്ചയം ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും
text_fieldsഅജ്മാന്‍ : അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഏപ്രില്‍ അവസാന വാരത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് ഒ.വൈ. അഹമ്മദ്ഖാന്‍ അറിയിച്ചു. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി സൗജന്യമായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് പുതിയ സമുച്ചയം പണി കഴിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ യു.എ.ഇയിലെ ഭരണാധികാരികളും ഇന്ത്യയിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസസമാണ് അസോസിയേഷന്‍ സമുച്ചയത്തിനു വൈദ്യുതി കണക്ഷന്‍ ലഭിച്ചത്.
കെട്ടിടം പണി കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തിലേറെയായെങ്കിലും വൈദ്യുതി ലഭിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാന്‍ കാരണം. എം.എ യൂസഫ് അലിയുടെ പരിശ്രമത്തിലാണ് അസോസിയേഷന് ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വെള്ളിയാഴ്ച തോറും നടക്കുന്ന കോൺസല്‍ സേവനം ടൗണില്‍ നിന്നും ഇവിടേക്ക് മാറും. ഉദ്ഘാടന ശേഷം പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ആരംഭിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. അജ്മാന്‍ ജറഫില്‍ സ്ഥിതിചെയ്യുന്ന സമുച്ചയത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ ഓഡിറ്റോറിയം, അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഔട്ട് ഡോര്‍ ഓഡിറ്റോറിയം, സ്വിമ്മിംഗ് പൂള്‍, ടെന്നീസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, കുട്ടികളുടെ പാര്‍ക്ക്, ടേബിള്‍ ടെന്നീസ്, സ്നൂക്കേഴ്സ് റൂം, തുടങ്ങിയ വിശാലമായ സൗകര്യങ്ങളോട് കൂടിയാണ് പുതിയ സമുച്ചയം പണിതിരിക്കുന്നത്.