ദുബൈയിൽ പുതിയ ബജറ്റിന് അംഗീകാരം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: അടുത്ത രണ്ട് വർഷത്തേക്കുള്ള ദുബൈയുടെ പൊതുബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. സാമൂഹിക വികസനം, സുരക്ഷ, നീതി, അടിസ്ഥാനസൗകര്യ വികസനം, നിർമാണ മേഖല എന്നിവക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ 30.2 ശതകോടി ദിർഹം ചെലവും 329.2 ശതകോടി വരുമാനവും പ്രതീക്ഷിക്കുന്നു. 2026 വർഷത്തിൽ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 99.5 ശതകോടി ദിർഹമാണ്. വരുമാനം 107.7 ശതകോടി ദിർഹവും. പൊതുകരുതൽ ധനം അഞ്ച് ശതകോടി ദിർഹമാണ്. അടിസ്ഥാന സൗകര്യവികസനത്തിനും നിർമാണമേഖലക്കുമാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. 48 ശതമാനം. ബജറ്റിന്റെ 28 ശതമാനം നീക്കിവെച്ചിരിക്കുന്നത് സാമൂഹിക വികസനത്തിനായാണ്. സുരക്ഷ, നീതി മേഖലകൾക്ക് 18 ശതമാനവും സർക്കാർ വികസനത്തിനായി ആറ് ശതമാനവും നീക്കിവെച്ചിട്ടുണ്ട്.
എമിറേറ്റിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കാനുള്ള ദുബൈ ഭരണാധികാരിയുടെ കാഴ്ചപ്പാടുകളാണ് പുതിയ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ജി.ഡി.പി ഇരട്ടിയാക്കൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നായി ദുബൈയെ മാറ്റുക എന്നീ കാര്യങ്ങളിലെ ആസൂത്രണം ബജറ്റിൽ വ്യക്തമാണ്. ആശാവഹമായ വളർച്ചയും സാമ്പത്തികസ്ഥിരതയും സന്തുലിതമാക്കാനും ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെലവിന്റെ നാലിൽ ഒന്ന് ഭാഗവും സാമൂഹികവികസനത്തിനായി നീക്കിവെച്ചിരിക്കുന്നതിനാൽ എമിറേറ്റ് ആരോഗ്യ, വിദ്യാഭ്യാസം, കുടുംബക്ഷേമം, ജനകേന്ദ്രീകൃത വികസനം എന്നിവക്ക് ഊന്നൽ നൽകുന്നുവെന്ന് വ്യക്തമാണെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

