ദുബൈ നഗരത്തിൽ പുതിയ പാലം തുറന്നു; അൽ ബദായിൽനിന്ന് ശൈഖ് റാശിദ് റോഡിലേക്കും അൽ മുസ്തക്ബൽ സ്ട്രീറ്റുകളിലേക്കുമുള്ള യാത്ര സമയം കുറയും
text_fieldsദുബൈ: നഗരത്തിൽ ഗതാഗതം കൂടുതൽ സുഗകരമാക്കുന്നതിന്‍റെ ഭാഗമായി നിർമിച്ച പുതിയ മേൽപ്പാലം തുറന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിക്ക് കീഴിൽ നിർമിച്ച പാലത്തിന് 500 മീറ്ററാണ് നീളം. അൽ ബദായിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. ശൈഖ് റാശിദ് റോഡിലേക്കും അൽ മുസ്തക്ബൽ സ്ട്രീറ്റിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനവും ഇതുവഴി എളുപ്പമാകും. മേഖലയിൽ ഉയരുന്ന ഗതാഗത തിരക്കിനെ ഉൾകൊള്ളാൻ പുതിയ വികസന പദ്ധതികൾ പിന്തുണയേകും.
എമിറേറ്റിലെ ജനസംഖ്യ വർധനവിനും നഗര വികസനത്തിനും അനുസരിച്ചുള്ള ആവശ്യകത നിറവേറ്റുന്നതിനായി ദുബൈയിലെ റോഡ് ശൃഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി ആർ.ടി.എ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വികസന പദ്ധതി. ദുബൈയിലെ പ്രധാന ട്രാഫിക് ഇടനാഴികളിൽ ഒന്നായ ശൈഖ് സായിദ് റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖലക്ക് അതീവ പ്രാധാന്യമുണ്ട്. വികസന പദ്ധതി മേഖലയിലെ പ്രധാന ഇടറൂട്ടുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. കൂടാതെ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുകയും പരിസര സ്ഥലങ്ങളിലെ ഗതാഗതകുരുക്ക് കുറക്കുകയും ചെയ്യും.
ഒറ്റ വരിയുള്ള പാലത്തിന് മണിക്കൂറിൽ 1200 വാഹനങ്ങളെ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്. ഇത് യാത്ര സമയം എട്ട് മിനിറ്റിൽ നിന്ന് രണ്ട് മിനിറ്റായി കുറക്കും. പാലം നിർമാണത്തോടൊപ്പം സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലെ ജങ്ഷൻ ട്രാഫിക് സിഗ്നലും സ്ഥാപിച്ച് നവീകരിച്ചിട്ടുണ്ട്. വേൾഡ് ട്രേഡ് റൗണ്ട് എബൗട്ട് വികസന പദ്ധതി കീഴിൽ ഇതിനകം മൂന്ന് പാലങ്ങൾ തുറന്നുകഴിഞ്ഞു. പുതിയ പാലം കൂടി വരുന്നതോടെ പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയാകുന്ന പാലങ്ങളുടെ എണ്ണം നാലായി. ആറ് പാലങ്ങളാണ് പദ്ധതിയിലൂടെ നിർമിക്കുന്നത്. 2025ൽ രണ്ട് പാലങ്ങളും 2026 തുടക്കത്തിൽ ഒരു പാലവും ആർ.ടി.എ നിർമാണം പൂർത്തീകരിച്ചിരുന്നു. ആറ് പാലങ്ങളുടെ ആകെ നീളം 5,000 മീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

