ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും
text_fieldsഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ വികസിപ്പിക്കുന്നതിനായി ഷുറൂഖും സനം ഗ്രൂപ്പും കരാർ ഒപ്പുവെക്കുന്നു
ഷാർജ: അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുന്ന, നൂതന സൗകര്യങ്ങളോട് കൂടിയ പുതിയ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുന്നതിനായി ഷാർജ നിക്ഷേപ, വികസന അതോറിറ്റി (ഷുറൂഖ്) സനം ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. ഷാർജ സസ്റ്റയ്നബിൾ സിറ്റിയിലാണ് പുതിയ സ്കൂൾ വികസിപ്പിക്കുന്നത്. 35 വർഷത്തെ കരാറിന് കീഴിൽ ഉമ്മു ഫനൈൻ/അൽ റുഖ അൽ ഹംറ പ്രദേശത്ത് ഷുറൂഖിന്‍റെ ഉടമസ്ഥതയിലുള്ള 29,275 ചതുരശ്ര മീറ്റർ സ്ഥലത്താണ് സ്കൂൾ നിർമിക്കുക. നഴ്സറി മുതൽ 12ാം ക്ലാസ് വരെ ഏകദേശം 2435 വിദ്യാർഥികളെ ഉൾകൊള്ളാൻ പുതിയ കാമ്പസിന് കഴിയും. പദ്ധതിയിലൂടെ വരും വർഷങ്ങളിൽ 18.3 കോടി ദിർഹമിന്‍റെ നിക്ഷേപം ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് റൂമുകൾ, സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറികൾ, റോബോട്ടിക്സ് ആൻഡ് എൻജിനീയറിങ് ലാബുകൾ, ഇന്നോവേഷൻ ആൻഡ് മേക്കർ സ്പേസുകൾ, വിത്യസ്ത അക്കാദമിക ഘട്ടങ്ങളെ ഉൾകൊള്ളുന്ന മൂന്ന് ലൈബ്രറികൾ എന്നിവ കാമ്പസിന്‍റെ പ്രത്യേകതകളാണ്.
കൂടാതെ ആർട്സ് സ്റ്റുഡിയോകൾ, ഓപ്പൺ ലേണിങ് ഹബുകൾ, ബ്ലാക്ക് ബോക്സ് തിയേറ്റർ, അക്കാദമിക പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകത, സഹകരണം, സാംസ്കാരിക ഇടപെടൽ എന്നിവയെ പിന്തുണക്കുന്നതിനായി 500 സീറ്റുള്ള മൾട്ടി പർപ്പസ് ഹാൾ എന്നിവയും കാമ്പസിൽ നിർമിക്കും. നഴ്സറി കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക മേഖലകൾ, സുരക്ഷ നടപടികൾ, കൗൺസിലിങ് ഓഫിസുകൾ, തെറാപ്പി, സെൻസറി റൂമുകൾ, സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ എന്നിവയും വികസിപ്പിക്കും. അതോടൊപ്പം കായിക പഠനത്തിനായി ഇൻഡോർ സ്പോർട്സ് ഹാൾ, ഫുട്ബാൾ പിച്ച്, സ്വിമ്മിങ് പൂളുകൾ, റൂഫ് ടോപ്പ് വിനോദ സ്ഥലങ്ങൾ, കാൽനട പാതകൾ, ബോട്ടാണിക്കൽ ഗാർഡൻ എന്നിവയും കാമ്പസിലുണ്ടാകും. ഷുറൂഖ് സി.ഇ.ഒ അഹമ്മദ് ഉബൈദുൽ ഖസീറിന്‍റെ സാന്നിധ്യത്തിൽ ഷുറൂഖ് ചീഫ് റിയൽ എസ്റ്റേറ്റ് ഓഫിസർ യൂസഫ് അൽ മുതവ്വയും സനം ഗ്രൂപ്പ് വൈസ് ചെയർമാനും സി.ഇ.ഒയുമായ ഡോ. സുലൈമാൻ താരിഖുൽ അബ്ദുൽ ജാദറുമാണ് കരാറിൽ ഒപ്പുവെച്ചത്. എമിറേറ്റിലെ മുൻനിര റസിഡൻഷ്യൽ കമ്യൂണികളിലൊന്നായ ഷാർജ സസ്റ്റയിനബിൾ സിറ്റിയിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ സ്കൂൾ വികസന പദ്ധതി കരുത്തേകും. ഷാർജയിൽ വളർന്നുവരുന്ന കമ്യൂണിറ്റികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിവിധ പദ്ധതികൾ സൃഷ്ടിക്കുകയെന്ന ഷുറൂഖിന്‍റെ നയത്തിന്‍റെ ഭാഗമായാണ് പദ്ധതിയെന്ന് അൽ മുതവ്വ പറഞ്ഞു. പരിപൂർണമായ റസിഡൻഷ്യൽ കമ്യൂണിറ്റിയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസം. സ്കൂൾ കുടുംബങ്ങളെ പിന്തുണക്കുകയും ജീവിത നിലവാരം വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

