"വിദ്യാർഥികൾ എല്ലാ ദിവസങ്ങളിലും പുതിയ കാര്യങ്ങൾ പഠിക്കണം"; അധ്യയന വർഷാരംഭം ആശംസകളുമായി ശൈഖ് മുഹമ്മദ്
text_fieldsദുബൈ: തിങ്കളാഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ആശംസകളും സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഞായറാഴ്ച എക്സ് അക്കൗണ്ടിലാണ് വിദ്യാർഥികളെയും അധ്യാപകരെയും അടക്കം അഭിസംബോധന ചെയ്ത് കുറിപ്പിട്ടത്. നാളെ പുതിയ സ്കൂൾ വർഷം ആരംഭിക്കുകയാണ്. രാജ്യത്താകമാനം 10ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് ക്ലാസുകൾ പുനരാരംഭിക്കുകയാണ്. പുതിയ തുടക്കം പ്രതീക്ഷയും നന്മയും പ്രത്യാശയുമുള്ളതാണ്. അധ്യയന വർഷാരംഭം രാജ്യത്താകമാനം ഊർജവും ആവേശവും സജീവതയും നിറക്കുന്നതാണ് -അദ്ദേഹം പറഞ്ഞു.
തുടർന്ന് വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് എല്ലാ സ്കൂൾ ദിവസങ്ങളും പുതിയ കാര്യങ്ങൾ പഠിക്കാനും വ്യത്യസ്തമായ നാഴികക്കല്ലുകൾ നേടാനും മനസ്സും സ്വപ്നങ്ങളും വിശാലമാക്കാനും ലക്ഷ്യത്തിലേക്ക് അടുക്കാനുമുള്ള അവസരമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരോട് നിങ്ങളാണ് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ പ്രധാന സ്തംഭങ്ങളെന്നും പുരോഗതിയുടെ നട്ടെല്ലും മാറ്റത്തിന്റെ ഏജന്റുമാരുമെന്നും ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു.
വിദ്യാഭ്യാസം വിദ്യാർഥികളിൽ അറിവ് നിറക്കുക മാത്രമല്ല, ജിജ്ഞാസ ഉണർത്തുകയും സ്വപ്നങ്ങൾക്ക് ഇന്ധനം നൽകുകയും പഠനത്തോടുള്ള അഭിനിവേശം വർധിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സമൂഹത്തിലെ മറ്റംഗങ്ങൾക്കും വിജയകരമായ അധ്യയന വർഷം ആശംസിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

