പുതിയ അധ്യയന വർഷം; സ്കൂൾ സാധനങ്ങൾ വാങ്ങുന്നതിലെ തട്ടിപ്പുകൾ ഒഴിവാക്കാൻ നിർദേശം
text_fieldsദുബൈ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂൾ സാധനങ്ങൾ വാങ്ങുന്നതിലെ തട്ടിപ്പുകൾ ഒഴിവാക്കാനും ചെലവുകൾ നിയന്ത്രിക്കാനും രക്ഷാകർത്താക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ ഉപഭോക്തൃ സംരക്ഷണ വിഭാഗം നിർദേശം നൽകി. വ്യാജ ഡിസ്കൗണ്ടുകളിൽ വഞ്ചിക്കപ്പെടാതിരിക്കാനും, വ്യാജ ഓൺലൈൻ വ്യാപാരികളെ തിരിച്ചറിയാനും അധികൃതർ ആവശ്യപ്പെട്ടു.
വിപണിയിൽ പ്രഖ്യാപിക്കുന്ന ഓഫറുകൾ യഥാർഥമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കടകളിൽ നൽകുന്ന ഡിസ്കൗണ്ടുകൾക്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്‍റെ അനുമതി ഉണ്ടായിരിക്കണം. സാധനങ്ങളുടെ പഴയ വിലയും ഡിസ്കൗണ്ടിന് ശേഷമുള്ള വിലയും ശതമാനവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാധനങ്ങൾ വാങ്ങാവൂ. ഓൺലൈൻ വഴി സ്കൂൾ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വെബ്‌സൈറ്റുകളുടെ രജിസ്ട്രേഷനും സുരക്ഷിതത്വവും ഉറപ്പാക്കണം. ഉൽപന്നങ്ങളുടെ അളവുകൾ, വലിപ്പം, സാധനം തിരികെ നൽകാനുള്ള നയങ്ങൾ (റിട്ടേൺ പോളിസി), അധിക ഡെലിവറി ചാർജുകൾ എന്നിവ കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം ഓർഡർ നൽകുക.
കുട്ടികളിൽ ചെറുപ്പത്തിലേ സാമ്പത്തിക ബോധവൽകരണം വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്താൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം നിർദേശിച്ചു. സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കാനും, നിശ്ചിത ബജറ്റിൽ സാധനങ്ങൾ തെരഞ്ഞെടുക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. ഭംഗിയേക്കാൾ ഗുണനിലവാരത്തിനും അത്യാവശ്യ ഘടകങ്ങൾക്കും മുൻഗണന നൽകാൻ അവരെ പഠിപ്പിക്കുന്നത് അനാവശ്യ ചെലവുകൾ കുറക്കും.
വ്യാപാരികളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള തിരിമറികളോ അന്യായമായ പെരുമാറ്റമോ ഉണ്ടായാൽ ഉപഭോക്താക്കൾക്ക് പരാതി നൽകാം. പ്രമുഖ റീട്ടെയിൽ ഔട്ലെറ്റുകളിൽ പ്രവർത്തിക്കുന്ന ‘കൺസ്യൂമർ ഹാപ്പിനസ് സെന്‍ററുകൾ’ വഴിയോ, 600545555 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ, consumerrights.gov.ae എന്ന വെബ്സൈറ്റ് വഴിയോ പരാതികൾ അറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

