യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം
text_fieldsഅജ്‌മാൻ: യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കമായി. പശ്ചിമേഷ്യയിലാകെ യുദ്ധഭീതി കനത്ത് നിൽക്കുന്ന പ്രതികൂല സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിലൂടെയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചത്. കിന്‍റർഗാർട്ടൻ മുതൽ ഹയർ സെക്കന്‍ററി തലം വരെയുള്ള മുഴുവൻ ക്ലാസ്സുകളും തിങ്കളാഴ്ച തുടക്കം കുറിച്ചു.
വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശങ്ങളനുസരിച്ചാണ് എല്ലാ സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ചിട്ടപ്പെടുത്തിയത്. കെ.ജി തലം മുതൽ സീനിയർ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളിൽ വ്യത്യസ്ത രൂപത്തിലാണ് ക്ലാസുകൾ ഒരുക്കിയത്. 30 മിനുറ്റ് മുതൽ 45 മിനുറ്റുകൾ വരെ നീണ്ടു നിൽക്കുന്നതാണ് ക്ലാസുകൾ. ഓരോ ക്ലാസുകൾക്ക് ശേഷവും കുട്ടികൾക്ക് വിശ്രമത്തിന് ഇടവേള നൽകിയാണ് ടൈം ടേബിളുകൾ ക്രമീകരിച്ചത്.
യുദ്ധത്തിന്‍റെ കാർമേഘങ്ങൾക്കിടയിലും പഠന വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് ഒരു അപാകതയും സംഭവിക്കാത്ത രൂപത്തിലാണ് ഓൺലൈൻ പഠനത്തിനുള്ള സംവിധാനങ്ങൾ സ്കൂളുകൾ തയ്യാറാക്കിയിട്ടുള്ളത്.നിലവിലെ സാഹചര്യത്തിൽ ദുബൈയിലെ സ്കൂളുകൾ തുറക്കുന്ന കാര്യം ആലോചിക്കുന്നതായി നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്‍റ് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്ന സ്കൂളുകൾക്ക് തുറക്കാനുള്ള അപേക്ഷ സമർപ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ നിലനിർത്തിക്കൊണ്ടായിരിക്കും നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

