നെറ്റ്വർക്ക് മാർക്കറ്റിങ്: ധനികരാവാൻ മോഹിച്ച് പണം നിക്ഷേപിച്ച് പാപ്പരാവുന്നവർ പെരുകുന്നു
text_fieldsദുബൈ: കുറഞ്ഞ കാലം കൊണ്ട് കോടീശ്വരനാവാം എന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് കോടികൾ തട്ടിയ നെറ്റ്വർക്ക് മാർക്കറ്റിങ് തട്ടിപ്പുകൾ ഒാർമയില്ലേ. തട്ടിപ്പു കമ്പനികളുടെ വാക്കു വിശ്വസിച്ച് വായ്പയെടുത്തുപോലും പണം നിക്ഷേപിച്ച് പലിശക്കെണിയിലായി നാടുവിടേണ്ടി വന്ന നൂറുകണക്കിന് പേരുണ്ട് കേരളത്തിലെ പല ഗ്രാമങ്ങളിലും. സമാനമായ അവകാശ വാദങ്ങളും പരസ്യ വാചകങ്ങളുമായി യു.എ.ഇയിലും ആളുകളിൽ നിന്ന് പണം പിടുങ്ങാനുള്ള ശ്രമത്തിലാണ് ചില തട്ടിപ്പുകാർ.
യു.എ.ഇയിൽ ഡയറക്ട് സെല്ലിങ് അംഗീകൃതമായ ഒരു ബിസിനസ് രീതിയാണ്. എന്നാൽ അതിന് ഡയറക്ട് സെല്ലിങ് അസോസിയേഷൻ ഒഫ് യു.എ.ഇയിൽ നിന്ന് അംഗീകാരം നേടിയിരിക്കണം. നിലവിൽ 11കമ്പനികൾക്കാണ് ഇൗ ലൈസൻസ് ഉള്ളത്. ഡി.എസ്.എ അംഗീകരിച്ചു എന്നതു കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട ലാഭം ലഭിക്കും എന്ന് ഒരു ഉറപ്പും ഇല്ല. യു.എ.ഇയിലെ യുവാവ് വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിച്ചുവെന്നും വീട്ടമ്മമാർക്ക് ഒഴിവുവേളകളിൽ പണം നേടാൻ എളുപ്പമാർഗമെന്നും മറ്റും വെബ്സൈറ്റുകളും സാമൂഹിക മാധ്യമങ്ങളും വഴി പരസ്യം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചും എസ്.എം.എസ് വഴിയും ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ നൽകും. വിനിമയ മൂല്യം കുറഞ്ഞിരിക്കുന്നതിനാൽ നാട്ടിലേക്ക് അയക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരുപാട് മാസങ്ങളിലെ ശമ്പളം ഡയറക്ട് മാർക്കറ്റിങിൽ നിക്ഷേപിച്ചവരുണ്ട്. ക്രെഡിറ്റ് കാർഡിൽ നിന്ന് പണമെടുത്ത് ചേർന്നവരുമുണ്ട്. നൽകിയ പണത്തിന് പകരമായി നൽകുന്ന വൗച്ചറുകൾ ഉപയോഗിക്കണമെങ്കിൽ അതിനു വേണ്ടി പിന്നെയും പണം മുടക്കണം. കൂടുതൽ ആളുകളെ ബിസിനസിലേക്ക് ആകർഷിക്കാനുള്ള വീഡിയോ, ക്ലാസുകൾ എന്നിവക്കും പണം ഇൗടാക്കും. ഏറെ പണം മുടക്കിയിട്ടും ഇതുവരെ ഒരു ദിർഹം പോലും തിരിച്ചു കിട്ടാത്ത മലയാളികളുൾപ്പെടെ നിരവധിപേരാണുള്ളത്.
വരുമാനം ലഭിക്കാൻ കൂടുതൽ പേരെ സംഘത്തിൽ ചേർക്കാനാണ് കമ്പനികൾ നിർദേശിക്കുക. മുടക്കിയ പണം തിരിച്ചു കിട്ടുമെന്ന മോഹത്തിൽ ബന്ധുക്കളെയും പരിചയക്കാരെയും മാർക്കറ്റിങിന് ചേർക്കുന്നതോടെ പണത്തിനു പുറമെ നല്ല ബന്ധങ്ങളും നഷ്ടമായതാണ് പലരുടെയും അനുഭവം. സാമ്പത്തിക വികസന വകുപ്പിൽ നിന്ന് ലൈസൻസ് നേടാതെ ഒാൺലൈൻ വഴി കച്ചവടം ചെയ്യുന്നതു നിയമ വിരുദ്ധമാണെന്നിരിക്കെ പല ഉൽപന്നങ്ങളും ഫേസ്ബുക്കും വാട്സ്ആപ്പും വഴി വിൽക്കാനാണ് ഡയറക്ട് മാർക്കറ്റിങ് കമ്പനികൾ നിർദേശിക്കുന്നത്. രാജ്യത്ത് അംഗീകാരമില്ലാത്ത ചില മരുന്നുകളും ആരോഗ്യ ഉൽപന്നങ്ങളും വിറ്റഴിക്കാനും ഡയറക്ട് മാർക്കറ്റിങ് കമ്പനികൾ ശ്രമിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം വിൽപ്പനക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടികളുണ്ടാകുമെന്നാണ് സൂചന.
സംശയാസ്പദമായ കമ്പനികളുടെ ആളുകൾ ഉൽപന്നങ്ങളുമായി സമീപിക്കുകയോ പണം മുടക്കാൻ ക്ഷണിക്കുകയോ ചെയ്താൽ ദുബൈ സാമ്പത്തിക വികസന വകുപ്പിലോ പൊലീസിലോ പരാതി നൽകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
