Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളിലെ പ്രളയം; ആശങ്കയിലും പ്രാർഥനയിലും യു.എ.ഇയിലെ നേപ്പാളി സമൂഹം

text_fields
bookmark_border
നേപ്പാളിലെ പ്രളയം;    ആശങ്കയിലും പ്രാർഥനയിലും   യു.എ.ഇയിലെ നേപ്പാളി സമൂഹം
cancel

ദുബൈ: നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ വിനാശകരമായ പ്രളയത്തിലും ഉരുൾപൊട്ടലിലും സ്വന്തം നാട് ദുരിതത്തിലായതിന്‍റെ നടുക്കത്തിലാണ് യു.എ.ഇയിലെ നേപ്പാൾ പ്രവാസി സമൂഹം. മിന്നൽ പ്രളയത്തിൽ ഭോട്ടെ കോശി, ത്രിശൂലി എന്നീ നദികളുടെ തീരത്തുള്ള ഗ്രാമങ്ങൾ പൂർണമായി ഒലിച്ചുപോവുകയും ആയിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളും പാലങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്നടിയുന്നത്​ ഉൾപ്പെടെയുള്ള ദുരന്തത്തിന്‍റെ ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട് അതീവ ആശങ്കയിലാണ്​ നേപ്പാൾ പ്രവാസികൾ.

ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നുള്ള സ്വന്തം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ നിരന്തരം ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുകയാണിവർ. മേഖലയിൽ ഇന്‍റർനെറ്റ്, വാർത്താവിനിമയ ബന്ധങ്ങൾ തരാറിലായത് ഇവരുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്​. ചിത്വാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് പ്രവാസി മലയാളികളുടെയും മറ്റും ബന്ധുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്‌കരമായി തുടരുകയാണ്.

വെള്ളപ്പൊക്കത്തിന്‍റെ ശക്തി കാരണം ദുരന്ത മേഖലയിൽനിന്ന് രക്ഷപ്പെടാൻ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ജീവൻ രക്ഷിക്കാനായി പ്രായമായവരെ പോലും വീടുകളിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ടി വന്ന ദാരുണമായ സാഹചര്യങ്ങളാണ് പലരും പങ്കുവെക്കുന്നത്. ദുരന്തത്തിന്‍റെ വ്യാപ്തി പൂർണമായി മനസ്സിലാക്കാൻ ഇനിയും ആഴ്ചകൾ എടുത്തേക്കുമെന്നും യു.എ.ഇയിലുള്ള നേപ്പാളികൾ സങ്കടത്തോടെ വ്യക്തമാക്കുന്നു.

ദുരന്തത്തെ തുടർന്ന് റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ പലരുടെയും യാത്രകളും മുടങ്ങിയിരിക്കുകയാണ്. യു.എ.ഇയിലേക്ക് മടങ്ങേണ്ടിയിരുന്ന പല പ്രവാസികളും കാഠ്മണ്ഡുവിലെ വിമാനത്താവളത്തിലേക്ക് എത്താൻ കഴിയാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്​. റോഡുകൾ അടച്ചതിനാൽ ഇവരിൽ പലരും ഡൽഹി വഴി ചുറ്റിക്കറങ്ങി യു.എ.ഇയിലേക്ക് വരാൻ ശ്രമിക്കുകയാണ്.

മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയ ദുരന്തത്തെയാണ് തങ്ങളുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് പ്രവാസികൾ പറയുന്നു. പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടിയും രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനുവേണ്ടിയും പ്രാർഥനയോടെ കാത്തിരിക്കുകയാണ് യു.എ.ഇയിലെ നേപ്പാളീസ് സമൂഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nepal floods; Nepali community in UAE in concern and prayer
Next Story