ജബൽഅലി സ്ഫോടനത്തിന് കാരണം അനാസ്ഥ; അഞ്ചുപേർ കുറ്റക്കാർ
text_fieldsദുബൈ ജബൽ അലി തുറമുഖത്തുണ്ടായ തീപിടിത്തം അണക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം
(ഫയൽ ചിത്രം)
ദുബൈ: ജബൽ അലി തുറമുഖത്ത് കപ്പലിലുണ്ടായ സ്ഫോടനത്തിന് കാരണം അശ്രദ്ധയും ജാഗ്രതക്കുറവും അനാസ്ഥയുമാണെന്ന് ദുബൈ മിസ്ഡിമാനർ കോടതി. ഇതുമായി ബന്ധപ്പെട്ട് 42കാരനായ ഇന്ത്യൻ ക്യാപ്റ്റനും നാല് പാകിസ്താനികൾക്കും ഒരുമാസം തടവും ലക്ഷം ദിർഹം വീതം പിഴയും വിധിച്ചു.
2021 ജൂലൈ ഏഴിന് രാത്രിയാണ് ജബൽ അലി തുറമുഖത്ത് തീപിടിത്തമുണ്ടായത്. അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റിരുന്നു. കിലോമീറ്ററുകൾ അകലെവരെ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. 40 മിനിറ്റുകൊണ്ട് തീ അണക്കുകയും ചെയ്തു.
പ്രധാന ഷിപ്പിങ് ലൈനിൽനിന്ന് അകലെയായിരുന്നു സ്ഫോടനം. സുരക്ഷ നടപടിക്രമങ്ങൾ അവഗണിച്ചാണ് 640 ബാരൽ ഓർഗാനിക് പെറോക്സൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ മാറ്റിയത്. കാർഗോ ഷിപ്പിങ് കമ്പനിയുടെ അശ്രദ്ധയാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ഒരു ഷിപ്പിങ് കമ്പനിക്കും രണ്ട് കാർഗോ കമ്പനിക്കും ലക്ഷം രൂപ വീതം പിഴയിട്ടു.
24.7 ദശലക്ഷം ദിർഹമിന്‍റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവദിവസം ഓർഗാനിക് പെറോക്സൈഡ് അടങ്ങിയ മൂന്ന് കണ്ടെയ്നറുകൾ ഉൾപ്പെടെ 170 കണ്ടെയ്നറുകൾ കപ്പലിൽ കയറ്റിയിരുന്നു. ഇവ കയറ്റിയശേഷം ഒരു കണ്ടെയ്നറിൽനിന്ന് പുകയും സ്ഫോടനവുമുണ്ടാവുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ സുരക്ഷ സേനക്ക് ഭരണാധികാരികൾ അഭിനന്ദനം അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തുറമുഖമാണ് ജബൽ അലി. മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖത്താണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ചരക്കെത്തുന്നത്. ഡി.പി വേൾഡിന് കീഴിലുള്ള തുറമുഖത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാർഗോ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

