Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനീറ്റ് യു.ജി...

നീറ്റ് യു.ജി പുനഃപരീക്ഷ​: ആശങ്കയിൽ പ്രവാസി വിദ്യാർഥികൾ

text_fields
bookmark_border
നീറ്റ് യു.ജി പുനഃപരീക്ഷ​: ആശങ്കയിൽ പ്രവാസി വിദ്യാർഥികൾ
cancel

ദുബൈ: ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന്​ മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത്, പരീക്ഷയെഴുതിയ വിദ്യാർഥികളാണ് അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോൾ പ്രയാസത്തിലായത്. വിദേശ രാജ്യങ്ങളിലിരുന്ന് പരീക്ഷക്കായി തയാറെടുത്ത പ്രവാസി വിദ്യാർഥികളോട് കാട്ടിയ ക്രൂരതയാണിതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

യു.എ.ഇയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ പല വിദ്യാർഥികളും ഉന്നത തുടർപഠനത്തിന്‍റെ പ്രതീക്ഷകളുമായി ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പുതിയ തീയതി പ്രഖ്യാപിച്ചാൽ ഈ വിദ്യാർഥികൾ വീണ്ടും അതത് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ തിരിച്ചെത്തണം. എന്നാൽ, നാട്ടിലെ വിവിധ സെന്‍ററുകളിൽ പോയി പരീക്ഷ എഴുതി ഗൾഫ് നാടുകളിൽ തിരിച്ചെത്തിയവർക്ക് പുനഃപരീക്ഷക്കായി വീണ്ടും തിരിച്ചും യാത്ര ചെയ്യേണ്ടിയും വരും. ഇത്തരം വിദ്യാർഥികൾക്ക് അവർക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ്​ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്​. ഇത് വേനലവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് തയാറെടുക്കുന്ന പ്രവാസി കുടുംബങ്ങളുടെ പ്ലാനുകളെ പൂർണമായി ബാധിച്ചിരിക്കുകയാണ്.

കനത്ത വിമാന ടിക്കറ്റ് നിരക്കുള്ള വേനലവധി സീസണിൽ തുടരെത്തുടരെ യാത്ര ചെയ്യേണ്ടി വരുന്നത് വിമാന ടിക്കറ്റ്​ നിരക്ക്​ കുത്തനെ കൂടിയ ഈ അവസരത്തിൽ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകും വരുത്തിവെക്കുക. ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി കുട്ടികളുടെ മാനസിക വീര്യത്തെ തകർക്കുമെന്നാണ്​ ആക്ഷേപം. പുതിയ പരീക്ഷയും ഫലപ്രഖ്യാപനവും നീളുന്നതോടെ ഈ അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനം വൈകുമെന്ന ആധിയും രക്ഷിതാക്കൾക്കുണ്ട്. പുനഃപരീക്ഷക്കായി വിദ്യാർഥികൾക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്ന് നാഷണൽ ടെസ്റ്റിങ്​ ഏജൻസി (എൻ.ടി.എ) അറിയിച്ചിട്ടുണ്ടെങ്കിലും പ്രവാസികളുടെ ലക്ഷങ്ങൾ വരുന്ന യാത്രാ ചെലവുകൾക്ക് ആര് മറുപടി നൽകുമെന്ന ചോദ്യം അവശേഷിക്കുന്നു.

പ്രവാസി വിദ്യാർഥികളുടെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച്​ ഗൾഫ് മേഖലയിൽ ആവശ്യത്തിന് പുനഃപരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും, തീയതികൾ വേഗത്തിൽ പ്രഖ്യാപിക്കണമെന്നുമാണ് പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം. റദ്ദാക്കിയ പരീക്ഷ ജൂൺ 21 നടത്തുമെന്നാണ്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്​. ഇക്കഴിഞ്ഞ മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET UgIndian expatriate studentsre-examination
News Summary - NEET UG re-examination: Expatriate students worried
Next Story