Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാനിലെ ഭൂചലനങ്ങളിൽ...

ഇറാനിലെ ഭൂചലനങ്ങളിൽ യു.എ.ഇ ഭയപ്പെടേണ്ടതില്ലെന്ന് എൻ.സി.എം

text_fields
bookmark_border
ഇറാനിലെ ഭൂചലനങ്ങളിൽ യു.എ.ഇ ഭയപ്പെടേണ്ടതില്ലെന്ന് എൻ.സി.എം
cancel
Listen to this Article

ദുബൈ: തെക്കൻ ഇറാനിൽ ഇടക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെടാറുണ്ട്. കഴിഞ്ഞദിവസം പുലർച്ചെയും ഇറാനിൽ രണ്ടു തവണയുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഇറാനിലെ ഭൂചലനത്തിന്‍റെ പ്രതിഫലനമെന്നോണം ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ ജനങ്ങൾ ഭയന്ന് വീടുവിട്ടിറങ്ങിയിരുന്നു. പൊലീസെത്തിയാണ് രാത്രി പുറത്തിറങ്ങിയ ജനങ്ങളെ ആശ്വസിപ്പിച്ച് വീടുകളിലേക്ക് തിരിച്ചയച്ചത്.

യു.എ.ഇയിൽ ഭൂചലനത്തെ തുടർന്നുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇറാനിൽ അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളുടെ പ്രകമ്പനത്തിൽ യു.എ.ഇ നിവാസികൾ ആശങ്കപ്പെടേണ്ടതുണ്ടോയെന്ന ചർച്ച കഴിഞ്ഞദിവസങ്ങളിലായി സജീവമാണ്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ദേശീയ ഭൗമപഠന കേന്ദ്രത്തിലെ (എൻ.സി.എം) സൂനാമി ഏർലി വാണിങ് സെന്‍റർ മേധാവി ഖലീഫ അലെബ്രി പറയുന്നത്. യു.എ.ഇയിലെ കെട്ടിടങ്ങളെല്ലാംതന്നെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 'പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും തയാറാക്കിയ നയങ്ങളുടെ ഭാഗമായി യു.എ.ഇയിൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധ ഡിസൈൻ കോഡുകൾ പാലിക്കണമെന്നത് നിർബന്ധമാണ്. ഇത് പാലിക്കപ്പെടുന്ന കെട്ടിട ഡിസൈനുകൾക്കേ രാജ്യത്ത് അനുമതി നൽകാറുള്ളൂ.

അതുകൊണ്ട് ഇറാനിലെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങളിൽ യു.എ.ഇ നിവാസികൾ പരിഭ്രാന്തരാകേണ്ടതില്ല' -അദ്ദേഹം പറഞ്ഞു. തെക്കൻ ഇറാനിനോട് ചേർന്നുകിടക്കുന്നതുകൊണ്ടാണ് രാജ്യത്തിന്‍റെ വടക്കുഭാഗത്തുള്ള റാസൽഖൈമയിലും ഫുജൈറയിലുമൊക്കെ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെടുന്നത്. അബൂദബിയിലൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണയേ ഭൂചലനം അനുഭവപ്പെടാറുള്ളൂവെന്നും അതിന്‍റെ ആഘാതം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂചലനങ്ങൾ ഉണ്ടാകുന്നതിന് പ്രത്യേക സമയമോ സീസണോ ഒന്നും ഇല്ല. എപ്പോൾ ഉണ്ടാകുമെന്ന് കണ്ടെത്താനുള്ള നിലയിലേക്ക് സാങ്കേതികതയും വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'തെക്കൻ ഇറാനിലെ സാഗ്രോസ് പർവതത്തിന്‍റെ ഭാഗത്ത് അറേബ്യൻ ഭൂഫലകവും യൂറേഷ്യൻ ഭൂഫലകവും കൂട്ടിയിടിക്കുന്നതുകൊണ്ടാണ് അവിടെ ഭൂചലനങ്ങൾ പതിവാകുന്നത്.

ഭ്രംശരേഖകൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഭൂകമ്പങ്ങൾ ഉണ്ടാവുക. അതുകൊണ്ടുതന്നെ യു.എ.ഇ വൻ ഭൂകമ്പങ്ങളിൽനിന്ന് സുരക്ഷിതമാണ്. റിക്ടർ സ്കെയിലിൽ 2.0 അല്ലെങ്കിൽ 3.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് യു.എ.ഇയിൽ സാധാരണ ഉണ്ടാകുക. ഇത് അപകടകരമല്ല' -അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂചലനങ്ങൾ ഉണ്ടാകുമ്പോൾ പരിഭ്രാന്തരായി താമസസ്ഥലത്തിന് പുറത്തേക്ക് ഓടുകയല്ല വേണ്ടതെന്നും അപ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനമുണ്ടാകുമ്പോൾ അതിന്‍റെ തീവ്രതയനുസരിച്ച് താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോകണോ വേണ്ടയോ എന്ന നിർദേശം വാടകക്കാർക്ക് നൽകാനുള്ള അവബോധം കെട്ടിട മാനേജ്മെന്‍റുകൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCMshould not fearearthquakes in Iran
News Summary - NCM says UAE should not fear earthquakes in Iran
Next Story