നായനാർ സ്മാരക ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 19ന്
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: കേരള മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾചറൽ അസോസിയേഷൻ, ഫുജൈറ സംഘടിപ്പിക്കുന്ന പത്താമത് നായനാർ സ്മാരക ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 19ന് ഫുജൈറയിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി സമ്പത്ത് കുമാർ കൽബ ചെയർമാനും ഉസ്മാൻ മാങ്ങാട്ടിൽ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി ട്രഷറർ ജിസ്റ്റ ജോർജ്, സെൻട്രൽ കമ്മിറ്റി അംഗം ഉമ്മർ ചോലയ്ക്കൽ, ഫുജൈറ യൂനിറ്റ് കൾചറൽ കൺവീനർ വിഷ്ണു അജയ് എന്നിവർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീർ തെക്കേക്കര സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം പ്രിൻസ് തെക്കൂട്ടയിൽ നന്ദിയും പറഞ്ഞു.

