പ്രകൃതിയും പൈതൃകവും റാസല്‍ഖൈമയുടെ ആത്മാവ് -ഫിലിപ്പ ഹാരിസണ്‍
text_fieldsഫിലിപ്പ ഹാരിസണ്‍
റാസല്‍ഖൈമ: എമിറേറ്റിന്റെ പരമ്പരാഗത സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ റാസല്‍ഖൈമ ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) പ്രത്യേക ശ്രദ്ധ നല്‍കുന്നതായി സി.ഇ.ഒ ഫിലിപ്പ ഹാരിസണ്‍. ആസ്ത്രേലിയയില്‍ വിനോദ വ്യവസായത്തെ നയിച്ചിരുന്ന ഫിലിപ്പ ഹാരിസണ്‍ റാക് ടി.ഡി.എ സി.ഇ.ഒയായി അഞ്ച് മാസം പൂര്‍ത്തിയായ വേളയില്‍ പ്രമുഖ ഇംഗ്ളീഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. റാസല്‍ഖൈമയുടെ പ്രകൃതി സൗന്ദര്യം അതിശയിപ്പിക്കുന്നതാണ്. മലനിരകള്‍, മരുഭൂമി, കടല്‍, 7000 വര്‍ഷത്തെ വ്യാപാര പാരമ്പര്യം, സില്‍ക്ക് റൂട്ടിലെ പ്രധാന വ്യാപാര കേന്ദ്രം തുടങ്ങിയവ ഇവിടെ ഒരുമിക്കുന്നു. ആഗോള വിനോദ ഭൂപടത്തില്‍ പ്രശസ്തിയിലുള്ള ദുബൈയെയും അബൂദബിയെയും അനുകരിക്കുന്നതിലുപരി റാസല്‍ഖൈമയുടെ ആത്മാവായ പ്രകൃതി-പൈതൃക-പാരമ്പര്യങ്ങളില്‍ ഊന്നി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് റാക് ടി.ഡി.എ ഊന്നല്‍. കുറഞ്ഞ നഗര സാന്ദ്രത, മലനിരകളുടെ തണുപ്പ്, നീണ്ട കടല്‍ തീരങ്ങള്‍, പൈതൃകം എന്നിവ റാസല്‍ഖൈമയുടെ പ്രത്യേകതകളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 13.5 ലക്ഷം രാത്രി സന്ദര്‍ശകരെ സ്വീകരിച്ച റാസല്‍ഖൈമ ടൂറിസം വരുമാനത്തില്‍ 12 ശതമാനം വര്‍ധന കൈവരിച്ചു. 2027ല്‍ തുറക്കുന്ന യു.എ.ഇയിലെ ആദ്യ സംയോജിത ഗെയിമിങ് റിസോര്‍ട്ടായ വിന് അല്‍ മര്‍ജാന്‍ ഐലന്റ് വളര്‍ച്ചക്ക് വേഗം നല്‍കും. മൂന്ന് വര്‍ഷത്തിനകം ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിയാക്കും. 2030ഓടെ സന്ദര്‍കരുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. റാസല്‍ഖൈമയുടെ വിനോദ വരുമാനത്തില്‍ സഊദി അറേബ്യ നിര്‍ണായക മേഖലയാണ്. റഷ്യ, കസാഖിസ്താന്‍, സി.ഐ.എസ് രാജ്യങ്ങളും റാക് വിനോദ വിപണിക്ക് ഊര്‍ജമേകുന്നു. റഷ്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 20 ശതമാനം വര്‍ധിച്ചപ്പോള്‍ വരുമാനത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജര്‍മനി, യു.കെ തുടങ്ങിയവും പ്രധാന വിപണികളാണ്. ഭാവിയില്‍ ഇന്ത്യയും ചൈനയും വലിയ സാധ്യകള്‍ തുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷം ആദ്യമായി ഒരു ദശലക്ഷം യാത്രികരെ സ്വീകരിച്ചു. സഊദി അറേബ്യ, ഇന്ത്യ തുടങ്ങിയിടങ്ങളിലേക്ക് സര്‍വീസുണ്ട്. പോളണ്ട്, റുമാനിയ, റഷ്യ, ഉസ്ബെസ്ക്കിസ്താന് എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ സേവനങ്ങളുണ്ട്. മര്‍ജാന്‍ ഐലന്റില്‍ നിരവധി റിസോര്‍ട്ടുകള്‍ നിര്‍മാണം പൂര്‍ത്തിയായി. പലതും നിര്‍മാണ ഘട്ടത്തിലാണ്. പ്രശസ്തമായ പല ബ്രാന്‍ഡുകളും അടുത്ത വര്‍ഷം പ്രവര്‍ത്തിച്ച് തുടങ്ങും. റാസല്‍ഖൈമയെ ലോകോത്തര ലക്ഷ്യസ്ഥാനമാക്കുന്നതിനൊപ്പം തദ്ദേശീയര്‍ക്കും അഭിമാനത്തോടെ ജീവിതം സാധ്യമാക്കുന്നയിടമായി മേഖല നിലനില്‍ക്കണം. ഇത് ഉറപ്പ് വരുത്തുന്നതിന് വേഗത്തിലുള്ള വികസന പദ്ധതികള്‍ കുറ്റമറ്റ മാസ്റ്റര്‍ പ്ലാനിങ്ങിലൂടെയാണ് പ്രയോഗവത്കരിക്കുന്നത്. എമിറേറ്റിന്റെ പൈതൃകത്തിന് നല്കുന്ന പ്രാധാന്യം ഈന്തപ്പഴം, തേന്‍, കാര്‍ഷിക ടൂറിസം തുടങ്ങിയ മേഖലകള്‍ക്കും നല്‍കുമെന്നും ഫിലിപ്പ ഹാരിസണ്‍ തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

