യു.എ.ഇയിലെ സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിൽ നടപ്പാക്കില്ല -മന്ത്രി
text_fieldsദുബൈ: 50ൽ കൂടുതൽ ജീവനക്കാരുള്ള സഥാപനങ്ങളിൽ ഇമാറാത്തി ജീവനക്കാരെ നിയമിക്കണമെന്ന നിബന്ധന ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയില്ലെന്ന് യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ. പതിനായിരക്കണക്കിന് ഇമാറാത്തികൾ ഇതിനകം ജോലിയിൽ പ്രവേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സർക്കാർ സ്വീകിരച്ച ഇമാറാത്തിവത്കരണ നയം മാറ്റാൻ ഉദ്ദേശമില്ല. 50ൽ കൂടുതൽ വിദഗ്ധ ജീവനക്കാരുള്ള സ്ഥാപനമാണ് രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കേണ്ടത്. 1000 ജീവനക്കാരുള്ള സ്ഥാപനത്തിൽ 100 വിദഗ്ധ ജോലിക്കാർ മാത്രമാണുള്ളതെങ്കിൽ രണ്ട് ഇമാറാത്തികളെ നിയമിച്ചാൽ മതി.
അതേസമയം, 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 100 പേരും വിദഗ്ധ ജോലിക്കാരാണെങ്കിൽ ഇവിടെയും രണ്ട് ഇമാറാത്തികളെ നിയമിക്കണം. ഈ വർഷം അവസാനത്തോടെ ഇത് നാല് ശതമാനമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇമാറാത്തിവത്കരണം നടപ്പാക്കിയിട്ടില്ലെങ്കിലും നിരവധി സ്ഥാപനങ്ങൾ ഇത് സ്വയം ഏറ്റെടുത്തിട്ടുണ്ടെന്ന് ഇമാറാത്തി ടാലന്‍റ് കോംപറ്റീറ്റീവ്നെസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗന്നം അൽ മസ്റൂയി പറഞ്ഞു. 1600 ഇമാറാത്തികൾ ഫ്രീ സോൺ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ ഫ്രീ സോൺ സ്ഥാപനങ്ങൾ സ്വയം മുന്നോട്ടുവരണം. ഇവർക്ക് ‘നാഫിസ്’ പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും.
സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാൻ ‘നാഫിസ്’ പദ്ധതി ഉപകരിക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 32,556 ഇമാറാത്തികൾക്ക് ഡിസംബർ വരെ ‘നാഫിസ്’ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. സ്വകാര്യമേഖലയിൽ ഇമാറാത്തികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും വർഷത്തിൽ 1.25 ശതകോടി ദിർഹം നീക്കിവെക്കുന്നുണ്ട്.
ഇമാറാത്തിവത്കരണത്തെ പിന്തുണക്കുന്നതിന് വിവിധ സ്ഥാപനങ്ങൾക്കായി 1500ഓളം ശിൽപശാലകളും യോഗങ്ങളും നടത്തി. കഴിഞ്ഞയാഴ്ചത്തെ കണക്കനുസരിച്ച് 50,000 ഇമാറാത്തികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും മസ്റൂയി കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

