അൽദൈദിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കം
text_fieldsഅൽ ദൈദിൽ ആരംഭിച്ച പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി
ഷാർജ: എമിറേറ്റിലെ അൽ ദൈദിൽ പ്രകൃതിവാതക പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമിട്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത ഷെഡ്യൂൾ അനുസരിച്ച് അടുത്ത വർഷം ആദ്യ പാദത്തോടെ പദ്ധതി പൂർത്തിയാകും.
ജബൽ ഉമർ, തൽ അൽ സഫ്റാൻ പ്രദേശങ്ങളിലായി 83 കിലോമീറ്ററിലാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതെന്ന് പ്രകൃതി വാതക ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിനീയർ ഇബ്രാഹീം അൽ ബൽഗൗനി പറഞ്ഞു. 1.4 കോടി ദിർഹം ചെലവ് വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 989 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. സമഗ്രവികസനവും സമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് സുസ്ഥിരവും ആധുനികവുമായ വികസനം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ അതോറിറ്റി തുടരുകയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ദീർഘവീക്ഷണമുള്ള ഭരണനേതൃത്വത്തിന്റെ മികച്ച പിന്തുണയാണ് വികസന പ്രവർത്തനങ്ങളെ അതിവേഗം മുന്നോട്ട് നയിക്കുന്നത്. ദൈദ് നഗരവുമായി ബന്ധിപ്പിക്കുന്ന ഗ്യാസ് പൈപ്പ്ലൈനിലൂടെ ഉയർന്ന ആഗോള നിലവാരമുള്ള സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പരമ്പരാഗത ഗ്യാസ് സിലിണ്ടറുകൾക്ക് സാമ്പത്തിക ബദൽ എന്ന നിലയിലാണ് പ്രകൃതിവാതക പൈപ്പ് ലൈനുകളെ കാണുന്നത്. താമസക്കാർ കൂടാതെ വാണിജ്യ, വ്യവസായ മേഖലകൾക്കും പദ്ധതി പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

