ഇന്ത്യക്ക് പ്രകൃതിവാതകം: അഡ്നോക് -എച്ച്.പി.സി.എൽ കരാർ
text_fieldsഇന്ത്യയിലേക്ക് എൽ.എൻ.ജി വിതരണം ചെയ്യുന്നതിനുള്ള കരാറുമായി അഡ്നോകിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെയും പ്രതിനിധികൾ
അബൂദബി: ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാൻ യു.എ.ഇയിലെ അഡ്നോക് ഗ്യാസും ഹിന്ദുസ്ഥാൻ പെട്രോളിയവും കരാർ ഒപ്പിട്ടു. പത്തുവർഷം എൽ.എൻ.ജി എത്തിക്കാനുള്ള ദീർഘകാല കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്.
പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യയിലേക്ക് എത്തിക്കാനാണ് അബൂദബിയുടെ എണ്ണകമ്പനിയായ അഡ്നോകും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ പെട്രോളിയവും കരാർ ഒപ്പിട്ടത്. അഡ്നോകിന്‍റെ സബ്സിഡറി കമ്പനിയായ അഡ്നോക് ഗ്യാസുമായാണ് കരാർ. എത്രയാണ് കരാറിന്‍റെ മൂല്യമെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ ഊർജസുരക്ഷ ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഗെയിൽ ഇന്ത്യ എന്നിവയുമായി സമാനമായ കരാറുണ്ടാക്കിയിരുന്നു. 2030 ഓടെ മൊത്തം ഊർജോൽപാദനത്തിന്‍റെ 15 ശതമാനം ദ്രവീകൃത പ്രൃകൃതി വാതകത്തിൽ നിന്ന് ആക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ തങ്ങളിലർപ്പിച്ച ആത്മവിശ്വാസത്തിന്‍റെ തെളിവാണ് കരാറെന്ന് അഡനോക് ഗ്യാസ് സി.ഇ.ഒ ഫാത്തിമ ആൽ നുഐമി പറഞ്ഞു. അഡ്നോക്കിന്‍റെ ദാസ് ഐലന്റ്ലെ പ്ലാന്‍റിൽ നിന്നായിരിക്കും ഇന്ത്യയിലേക്ക് ഗ്യാസ് എത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ദീർഘകാല ഉൽപാദന പരിചയമുള്ള എൽ.എൻ.ജി പ്ലാന്‍റാണ് ദാസ് ഐലന്‍റിലേത്. ആറ് എം.എം.ടി.പി.എ ആണ് ഈ പ്ലാന്‍റിന്‍റെ ശേഷി. പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ ആഗോളതലത്തിൽ 3,500ലധികം എൻ.എൻ.ജി കാർഗോകളാണ് ദാസ് ഐലന്‍റിലെ പ്ലാന്‍റിൽ നിന്ന് കയറ്റുമതി ചെയ്തത്. ആഗോളതലത്തിൽ ഉയരുന്ന ആവശ്യകതക്കനുകരിച്ച് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസിന് കഴിയുന്നുവെന്നതിന്‍റെ തെളിവാണിതെന്ന് ഫാത്തിമ അൽ നുഐമി പറഞ്ഞു. 2030 ഓടെ പ്രാഥമിക ഊർജ ഉപയോഗത്തിൽ എൽ.എൻ.ജി 15 ശതമാനം വർധിപ്പിക്കുകയെന്ന ഇന്ത്യയുടെ അഭിലാഷത്തെ പിന്തുണക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

