മാധ്യമങ്ങൾക്ക് പുതിയ മാർഗനിർദേശം; പരസ്യങ്ങളുടെ പ്രസിദ്ധീകരണത്തിന് കർശന നിബന്ധന
text_fieldsഅബൂദബി: വിവിധ മാധ്യമങ്ങൾക്ക് നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) പുതുക്കിയ മാർഗനിർേദശങ്ങൾ പുറപ്പെടുവിച്ചു. അച്ചടി, ദൃശ്യ, ശ്രാവ്യ, ഒാൺലൈൻ മാധ്യമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്. ലൈസൻസ് കരസ്ഥമാക്കിയ സമൂഹ മാധ്യമ അക്കൗണ്ടുകളും ഇതിന് കീഴിൽ വരും.
ധാർമികത ലംഘിക്കുന്ന ചിത്രങ്ങളോ എഴുത്തുകളോ പ്രസിദ്ധീകരിക്കരുതെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ബൗദ്ധിക സ്വത്തവകാശത്തെയും ധർമാചാരത്തെയും മാനിക്കണം. സത്യസന്ധമായ മാനദണ്ഡങ്ങൾ പുലർത്തണം.
ഉപഭോക്താക്കളെ വഞ്ചിക്കുന്ന പരസ്യങ്ങൾെക്കതിരെയും ശക്തമായ നടപടിയാണ് എൻ.എം.സി മുന്നോട്ട് വെക്കുന്നത്. അവ്യക്തമായതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുള്ളതോ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്നതോ ആയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത്. അടിസ്ഥാനമില്ലാത്ത ചിത്രങ്ങളും ഉപയോഗിക്കരുത്.
ഉൽപന്നത്തെയോ സേവനത്തെയോ പർവതീകരിച്ച് കാണിക്കാൻ പാടില്ല. മറ്റു വ്യാപാര നാമങ്ങൾ, ഉൽപന്നങ്ങൾ തുടങ്ങിയവയുമായി സാമ്യമുള്ളവ പരസ്യത്തിൽ ഉപയോഗിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. നിയമം ലംഘിക്കുന്ന സ്ഥാപനത്തിനും വ്യക്തിക്കും 5000 ദിർഹം പിഴ ചുമത്തുമെന്നും എൻ.എം.സി വ്യക്തമാക്കി. ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പ് നൽകി.
വ്യാജ പ്രചാരണങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് പരസ്യം ചെയ്യുന്നതിന് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. പരസ്യവും വാർത്തയും രാജ്യത്തിെൻറ സാമ്പത്തിക സംവിധാനത്തിന് വിരുദ്ധമാകരുതെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
