ദേശീയ ദിനാഘോഷ നിറവിൽ രാജ്യം; എങ്ങും ആവേശം
text_fieldsഅബൂദബി: യു.എ.ഇയുടെ 54ാമത് ദേശീയദിനാഘോഷ നിറവിൽ രാജ്യം. ഡിസംബർ രണ്ടിനാണ് ഔദ്യോഗികമായി ആഘോഷ പരിപാടികൾ അരങ്ങേറുക.
കരിമരുന്ന് പ്രകടനങ്ങളും ഡ്രോണ്‍ ഷോകളും ലൈറ്റ് ഷോയും പരമ്പരാഗത കലകളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാചരണഭാഗമായി അരങ്ങേറും.
ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ഗ്ലോബൽ വില്ലേജിൽ രാജ്യത്തിന്റെ പതാകയുടെ നിറങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകും.
അബൂദബി ശൈഖ് സായിദ് ഫെസ്റ്റിവലിൽ അടക്കം കരിമരുന്ന് പ്രയോഗം കാണികൾക്ക് ആവേശമാവും. ബ്ലൂവാട്ടേഴ്സ്, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ വർണാഭമായ കരിമരുന്ന് പ്രയോഗം ഒരുക്കുന്നുണ്ട്. ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള 11,000 പതാകകൾ ചേർത്തുള്ള ഫ്ലാഗ് ഗാർഡനും നയനാനന്ദകരമാവും.
ഹജർ മലനിരകളിലൂടെയുള്ള യാത്രയും ലോകത്തിലെ ഏറ്റവും വലിയ ലാൻഡ്മാർക്ക് സൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ ഹത്ത സൈൻ സന്ദർശനവുമായി നിരവധിപേർ മേഖലയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, നാല് ദിവസങ്ങൾ അവധി കിട്ടിയതിന്റെ ആവേശം അലയടിക്കുന്നുണ്ട് രാജ്യത്ത്. നാലുദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്കൊപ്പം വാരാന്ത്യവും ആസ്വദിക്കാന്‍ അവസരം കിട്ടി.
ദേശീയദിനാഘോഷത്തോടനുബന്ധിച്ച് 2937 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്‍ ഉത്തരവിട്ടിരുന്നു.
ശിക്ഷയുടെ ഭാഗമായി തടവുകാര്‍ക്കെതിരെ ചുമത്തിയിരുന്ന പിഴത്തുകയും പ്രസിഡന്റ് അടക്കും. ദേശീയദിനാഘോഷം സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗതം തടയുന്നതോ ജീവനുകള്‍ അപകടത്തില്പെടുന്നതോ ആയ രീതിയുള്ള ആഘോഷങ്ങള്‍ പാടില്ലെന്നാണ് നിർദേശം.
നിയന്ത്രണങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടുകയും പിഴ ചുമത്തുന്നതും അടക്കമുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
യു.എ.ഇ പതാകകള്‍ ഉയര്‍ത്തി രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന പ്രവാസികള്‍ ഇതുശരിയായ രീതിയിലാണോ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം.
ശരിയായ നിറത്തിലും അളവിലും വൃത്തിയിലും ഉള്ളതായ പതാകകള്‍ വേണം ഉയര്‍ത്തേണ്ടത്. അവഹേളിക്കുന്ന രീതിയില്‍ ദേശീയ പതാക കൈകാര്യം ചെയ്യരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

