പൈതൃക സംരക്ഷണത്തിൽ നിർണായകമായി ദേശീയ ലൈബ്രറി
text_fieldsറാസല്‍ഖൈമ ഭരണാധിപന് ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല മാജിദ് അല്‍ അലിയും സംഘവുമായി നടന്ന കൂടിക്കാഴ്ച
റാസല്‍ഖൈമ: യു.എ.ഇയുടെ പൈതൃക സംരക്ഷണത്തില്‍ നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്ക്കൈവ്സിന്റേത് മഹദ് സേവനമെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. ഈ രംഗത്ത് തന്ത്രപരമായ പദ്ധതികളാണ് അവര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല മാജിദ് അല്‍ അലിയെ പാലസില്‍ സ്വീകരിച്ച് ശൈഖ് സഊദ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിപുരാതന ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനും സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം ഉറപ്പിക്കുന്നതിനുമുള്ള ഒരു ദേശീയ കേന്ദ്രമെന്ന നിലയില്‍ നാഷനല്‍ ലൈബ്രറി ആര്‍ക്കൈവ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ഡിജിറ്റല്‍ ആര്‍ക്കൈവിങ് ഉപകരണങ്ങളുടെ നവീകരണം, വിജ്ഞാനാധിഷ്ഠിതമായ സമൂഹ സൃഷ്ടിപ്പിനായുള്ള നൂതന സംരംഭങ്ങള്‍, പ്രാദേശിക-അന്താരാഷ്ട്ര ഡോക്യുമെന്റേഷന് ഗവേഷണങ്ങളില്‍ സ്ഥാപനത്തിന്റെ ശാക്തീകരണം തുടങ്ങിയവയെ മുന്‍നിര്‍ത്തി 2023-2032 കാലയളവിലേക്കുള്ള നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്സിന്റെ പ്രവര്‍ത്തനാവലോകനം റാക് ഭരണാധിപനുമായുള്ള കൂടിക്കാഴ്ചയില്‍ നടന്നതായി ഡോ. അബ്ദുല്ല പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ വികസനത്തെ പിന്തുണക്കുന്നതും ഭാവി തലമുറകള്‍ക്കായി രാജ്യത്തിന്റെ പൈതൃക സംരക്ഷണം ഉറപ്പാക്കുന്നതിലുമാണ് നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ഊന്നല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

