കരയിലും കടലിലും രക്ഷകരായി നാഷനൽ ഗാർഡ്
text_fieldsഅബൂദബി: യു.എ.ഇ നാഷനൽ ഗാർഡ് കമാൻഡ് കഴിഞ്ഞ ആറുമാസത്തിനിടെ ആഭ്യന്തര തലത്തിലും അന്തർദേശീയമായും കരയിലും കടലിലും നടത്തിയത് 347 രക്ഷാദൗത്യങ്ങൾ. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ആറു മാസത്തിനിടെ നാഷനൽ സർച്ച് ആൻഡ് റസ്ക്യൂ സെന്റർമാത്രം 218 രക്ഷാദൗത്യങ്ങളാണ് പൂർത്തിയാക്കിയത്. ഇതിൽ 63 റെസ്ക്യു, മെഡിക്കൽ ഒഴിപ്പിക്കൽ, 18 ഗാർഹിക രോഗികളുടെ എയർ ആംബുലൻസ് ട്രാൻസ്ഫറുകൾ, 13 അന്താരാഷ്ട്ര മെഡിക്കൽ, എയർ ആംബുലൻസ് ദൗത്യങ്ങൾ എന്നിവ ഉൾപ്പെടും. കൂടാതെ അറേബ്യൻ ഗൾഫ് കടലിലും ഒമാൻ സമുദ്രത്തിലുമായി തീരസംരക്ഷണ സേന യൂനിറ്റ് 129 സെർച്ച് ആൻഡ് റെസ്ക്യു ദൗത്യങ്ങളും പൂർത്തിയാക്കി.
നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സജ്ജമാക്കിയതിനാൽ ഏത് അടിയന്തര ഘട്ടങ്ങളിലും ധ്രുതഗതിയിൽ ഇടപെടാനും ജീവൻ രക്ഷിക്കാനും സേനക്ക് സാധിച്ചു. രാജ്യത്തിന്റെ അടിയന്തര പ്രതികരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇയിലുടനീളമുള്ള തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നതിലും നാഷനൽ ഗാർഡിന്റെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതാണ് ഈ ദൗത്യങ്ങളെന്ന് നാഷനൽ ഗാർഡ് കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യങ്ങളിൽ സർച്ച് ആൻഡ് റസ്ക്യു ലൈനിന്റെ 995 എന്ന നമ്പറിലോ തീരസംരക്ഷണ സേനയുടെ എമർജൻസി ലൈനായ 996 എന്ന നമ്പറിലോ ജനങ്ങൾക്ക് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

