ദേശീയദിനം; വ്യത്യസ്ത ആഘോഷവുമായി പ്രവാസി മലയാളികൾ
text_fieldsഷാർജയിലെ മലയാളി കൂട്ടായ്മ ദേശീയ ദിനത്തിൽ ഒത്തുകൂടിയപ്പോൾ
അജ്മാൻ: 54ാം വാർഷികം ആഘോഷിക്കുന്ന യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യത്യസ്തമായ ഒരു ആഘോഷ രീതിയുമായി ഒരുകൂട്ടം പ്രവാസി മലയാളികൾ. ഷാർജ എമിറേറ്റിലൂടെ 54 കിലോമീറ്റർ ഓടിക്കൊണ്ടാണ് പോറ്റുന്ന നാടിനോടുള്ള ആദരവ് ഇവർ പ്രകടിപ്പിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം അറുപതോളം പേർ പങ്കെടുത്ത കൂട്ട ഓട്ടത്തിൽ പതിമൂന്നു പേർ 54 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. 21, 10, 5 എന്നീ വിവിധ ദൂരങ്ങൾ ഓടിക്കൊണ്ട് മറ്റുള്ളവരും പങ്കുചേർന്നു. ഈ നാട് തരുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും വളരെ വിലമതിക്കുന്നതാണെന്നും അതിനുള്ള ആദര സൂചകമായിട്ടാണ് ഈ വ്യത്യസ്തമായ രീതി തെരഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു.
യു.എ.ഇയുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് സ്ത്രീകളും കുട്ടികളും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആരോഗ്യ പൂർണമായ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികളുടെ ഓട്ടം, നീന്തൽ, സൈക്ലിങ് തുടങ്ങിയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഷാർജ യൂനിവേഴ്സിറ്റി ട്രാക്ക് കേന്ദ്രീകരിച്ച് പരിശീലനം നൽകുകയും ചെയ്യുന്ന കൂട്ടായ്മ, കുട്ടികളെക്കൊണ്ട് കേക്ക് മുറിപ്പിച്ചാണ് ഈ വർഷത്തെ വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഓട്ടത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്യുകയും ചെയ്തു. യു.എ.ഇയിലെ അറിയപ്പെടുന്ന ട്രയാത്തെലോൺ ക്ലബ്ബായ കേരള റൈഡേഴ്സിലെ കൂടി അംഗങ്ങളാണ് ഈ ഓട്ടക്കാർ. ആഘോഷപരിപാടികൾക്ക് ഷാർജ ബുഹെയ്റ കോർണിഷ് സ്ട്രൈഡർസിലെ ഓട്ടക്കാരും അതിഥികളായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

