ദേശീയ ദിന ആഘോഷങ്ങൾ ഇനി ‘ഈദുൽ ഇത്തിഹാദ്’
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയ ദിനാഘോഷങ്ങൾ ‘ഈദുൽ ഇത്തിഹാദ്’ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് സംഘാടക സമിതി അറിയിച്ചു. ഐക്യം എന്നാണ് അറബി പദമായ ഇത്തിഹാദിന്റെ അർഥം. ഡിസംബർ രണ്ടിനാണ് യു.എ.ഇയുടെ 53ാമത് ദേശീയ ദിനം. അന്നേ ദിവസം നടക്കുന്ന ഗംഭീര ആഘോഷങ്ങളിൽ എല്ലാ എമിറേറ്റിലെയും ഭരണാധികാരികൾ പങ്കെടുക്കും.
എന്നാൽ, ഇത്തവണത്തെ ആഘോഷ വേദി സംഘാടക സമിതി വെളിപ്പെടുത്തിയിട്ടില്ല. ഒന്നിലധികം സ്ഥലങ്ങൾ ‘ഈദുൽ ഇത്തിഹാദി’ന് വേദിയാകുമെന്നാണ് സൂചന. ഈ വർഷം ദേശീയ ദിനത്തോടനുബന്ധിച്ച് നാല് അവധി ലഭിക്കുമെന്നതാണ് പ്രത്യേകത. ഡിസംബർ രണ്ട് തിങ്കളും മൂന്ന് ചൊവ്വയുമാണ് ഔദ്യോഗിക അവധിയെങ്കിലും ശനിയും ഞായറാഴ്ചയും കൂടി വരുന്നതോടെയാണ് നാലുദിവസത്തെ അവധി ലഭിക്കുന്നത്.

