ദേശീയദിനാഘോഷം: ഫുജൈറ ഒരുങ്ങി
text_fieldsഫുജൈറ: യു.എ.ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറയിൽ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വന്‍ ജന പങ്കാളിത്തത്തോടെ എമിറേറ്റിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എമിറേറ്റ് ഓഫ് ഫുജൈറ ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു.
ഈ അമൂല്യമായ ദിനങ്ങളില്‍ വിശാലമായ ജന പങ്കാളിത്തം നേടുകയെന്ന ലക്ഷ്യത്തോടെ ഫുജൈറ, ദിബ്ബ നഗരങ്ങളും മറ്റു പ്രദേശങ്ങളിലുമായി വിവിധ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ നിർദേശപ്രകാരമാണ് വിപുലമായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് അമീരി ദിവാൻ ഡയറക്ടർ മുഹമ്മദ് സഈദ് അൽ ദൻഹാനി പറഞ്ഞു.
ഈ ദിനങ്ങളില്‍ ആയിരക്കണക്കിന് സന്ദർശകരെയും അതിഥികളെയും ഫുജൈറയിലും മറ്റു പ്രദേശങ്ങളിലുമായി സ്വീകരിക്കാന്‍ സർക്കാർ സ്ഥാപനങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ഫുജൈറ, ദിബ്ബ അൽ ഫുജൈറ, അൽ തവീന്, അൽ ഖിരിയ, മസാഫി, അൽ-സിജി, മർബ, വഹാല തുടങ്ങിയ പ്രദേശങ്ങളിലാണ് ആഘോഷങ്ങൾ നടക്കുക. ആഘോഷത്തിന്റെ ഭാഗമായി ഫുജൈറ നഗരവും മറ്റു പ്രദേശങ്ങളും വെളിച്ചങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.

