ദേശീയ ദിനാഘോഷം; അബൂദബിയിലും പാര്‍ക്കിങ്, ടോൾ സൗജന്യം
text_fieldsഅബൂദബി: ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പൊതുഅവധി ദിവസങ്ങളില്‍ അബൂദബി നിവാസികള്‍ക്ക് സൗജന്യ പാര്‍ക്കിങ്ങും ടോളും ആസ്വദിക്കാം. ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ അഞ്ചുവരെയാണ് ഈ ഇളവ്. ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്ങും ടോളുമെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.അതേസമയം മവാഖിഫ് നിയമം പാലിക്കണമെന്നും നിരോധിത മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
രാത്രി ഒമ്പതുമുതല്‍ രാവിലെ എട്ടുവരെ റെസിഡന്റ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട മവാഖിഫ് നിയമം പാലിക്കണമെന്നും അല്ലാത്ത പക്ഷം പിഴയീടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. റെസിഡന്റ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 ദിര്‍ഹമാണ് പിഴ. പിഴ ടിക്കറ്റ് നല്കി നാലുമണിക്കൂറിനു ശേഷം വാഹനം അധികൃതര്‍ കൊണ്ടുപോവുകയും ചെയ്യും. രാജ്യത്ത് ഞായറാഴ്ച വാരാന്ത്യ അവധിയാക്കിയതോടെ അബൂദബിയിൽ ഞായറാഴ്ച ദിവസങ്ങളില്‍ സൗജന്യ പാര്‍ക്കിങ് ലഭ്യമാണ്.

