ദേശീയദിനാഘോഷം; ശ്രദ്ധേയമായി 'ഇത്തിഹാദ് റെയിൽ'
text_fieldsദേശീയദിന ഔദ്യോഗിക ആഘോഷ ചടങ്ങിൽ ‘ഇത്തിഹാദ് ട്രെയിനി’ലെ യാത്രക്കാരെ അഭിവാദ്യം ചെയ്യുന്ന ഭരണാധികാരികൾ
അബൂദബി: അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ(അഡ്നെക്) നടന്ന ദേശീയദിന ഔദ്യോഗിക ആഘോഷ ചടങ്ങുകളിൽ ഓരോ നിമിഷവും ആകാംക്ഷയും ആവേശവും പകരുന്നതായിരുന്നു. രാജ്യത്തിന്റെ ഉന്നത ഭരണാധികാരികളെല്ലാം അണിനിരന്ന ചടങ്ങിൽ അവതരിപ്പിക്കപ്പെട്ട ഭാവി പദ്ധതികളെ കുറിച്ച വിവരണങ്ങളോരോന്നും മനോഹരവുമായിരുന്നു. എന്നാൽ, കാഴ്ചക്കാരെ ഒന്നാകെ ആവേശത്തിലാക്കിയതായിരുന്നു യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് ട്രെയിനിന്റെ പാസഞ്ചർ സർവിസ് വേദിയിലെത്തിയ സമയം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇത്തിഹാദ് ട്രെയിനിലെ യാത്രക്കാർക്ക് കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ ഇത്തിഹാദ് ട്രെയിൻ യാഥാർഥ്യമാകുമെന്ന സന്ദേശമാണ് ഷോ പകർന്നത്.
കുട്ടികളും മുതിർന്നവരും തീക്ഷ്ണതയോടെ ജനലിലൂടെ കൈവീശുന്നത് കാണാമായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അടക്കമുള്ള ഭരണാധികാരികൾ അഭിവാദ്യം ചെയ്യുകയും തിരികെ കൈവീശുകയും ചെയ്തു. ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം,
വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. നിരവധി ഇമാറാത്തി സംഗീതജ്ഞർക്കൊപ്പം റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര അവതരിപ്പിച്ച യു.എ.ഇ ദേശീയഗാനത്തിന്റെ അവതരണത്തോടെയാണ് ഔദ്യോഗിക ആഘോഷം ആരംഭിച്ചത്. പിന്നീട് അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെ അനുസ്മരിക്കുന്ന ഷോയും അരങ്ങേറി. രാജ്യത്തിന്റെ ഭൂതകാലവും വർത്തമാനവും അതിന്റെ ധീരമായ സംരംഭങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളും ശ്രദ്ധയിൽപ്പെടുത്തുന്ന ഷോകളാണ് പിന്നീട് അരങ്ങിലെത്തിയത്.
അഡ്നെകിൽ നടന്ന ദേശീയദിന ഔദ്യോഗിക ആഘോഷ
ചടങ്ങിൽ അവതരിപ്പിച്ച ഇത്തിഹാദ് ട്രെയിൻ
ഇതിലാണ് ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി ഇത്തിഹാദ് റെയിൽ എത്തിയത്. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ റെയിൽ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.
1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

