രാഷ്ട്ര ശിൽപ്പിയുടെ സ്മരണയിൽ ദേശീയ ദിനാഘോഷം; ഒപ്പം ഇന്ത്യൻ മനസ്സിനെ രൂപപ്പെടുത്തുന്ന രചനകളും
text_fieldsശൈഖ് സായിദ് ബ്ൻ സുൽത്താൻ
ആൽ നഹ്യൻ
രാഷ്ട്ര ശിൽപ്പിയുടെ സ്മരണയിൽ ദേശീയ ദിനാഘോഷം; ഒപ്പം ഇന്ത്യൻ മനസ്സിനെ രൂപപ്പെടുത്തുന്ന രചനകളുംസ്വാതന്ത്ര്യത്തിന്റെ 54ാം വർഷം സന്തോഷാതിരേകത്താൽ ആഘോഷിച്ചുകൊണ്ടിരിക്കുന്ന യു.എ.ഇ, രാഷ്ട്രപിതാവ് ശൈഖ് സായിദ് ബ്ൻ സുൽത്താൻ ആൽ നഹ്യൻ ജനക്ഷേമ തൽപരതയിൽ അർപ്പിച്ച മഹത്തായ സേവനങ്ങളെ ഒരിക്കൽ കൂടി പ്രാർത്ഥനാപൂർവം അനുസ്മരിക്കുകയാണ്. ജലശൂന്യവും ഫലരഹിതവുമായ പ്രവിശാലമായ മരുഭൂപ്രദേശത്തെ ഹരിതാഭമാക്കിയും രാജ്യനിവാസികളെ വിദ്യാഭ്യാസവും പരിശീലനവും നൽകി ഉത്തമ പൗരന്മാരാക്കി വളർത്തി കുറച്ചുകാലം കൊണ്ട് ദേശീയ രംഗത്തും അന്തർദേശീയ തലത്തിലും അനിഷേധ്യമായ സ്ഥാനത്ത് അവരോധിക്കാൻ കഴിഞ്ഞുവെന്നതാണ് രാജ്യനിവാസികളൊന്നൊടങ്കം ‘അൽ വാലിദ്’ (പിതാവ്) എന്ന് സ്നേഹാദരവോടെ വിളിച്ചിരുന്ന ശൈഖ് സായിദിന്റെ യുക്തിബന്ധുരവും ദീർഘദൃഷ്ടി പൂർണവുമായ മഹത്തായ നേട്ടങ്ങളിൽ പ്രാമുഖ്യമേറിയത്.
ഇന്ത്യയിലുടനീളം, വിശിഷ്യാ കേരളത്തിലിന്ന് യു.എ.ഇ ഓർക്കപ്പെടാതെ ഒരു വീടോ, ദിനമോ കഴിഞ്ഞുപോവുന്നില്ലെന്ന് നിസ്സംശയം പറയാൻ കഴിയുന്നത് അത്രമാത്രം നാം യു.എ.ഇയുമായി ആത്മബന്ധം പുലത്തുന്നുവെന്നതിനാലും ചരിത്രാതീത കാലം മുതൽ സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ഊഷ്മള ബന്ധത്താലുമാണ്. രാഷ്ടപിതാവിന്റെ ഇച്ഛാശക്തിയെയും അർപ്പണബോധത്തെയും വ്യക്തമാക്കാൻ ഒരു ഉദാഹരണം മാത്രം മതി.
സൂര്യനിൽ നിന്നും കൊളുത്തിയെടുത്ത തീപ്പന്തം പോലെ ചുട്ടുപൊള്ളുന്ന മരുഭൂമിയെ ഹരിതാഭമാക്കിയെടുത്ത ആ മഹാനുഭാവന്റെ വാക്കുകൾ ഇങ്ങനെ: ‘വിദഗ്ധർ കൃഷി പ്രോത്സാഹിപ്പിക്കുന്നില്ല. അവർ പറയുന്നത് ഈ കാലാവസ്ഥയിൽ അതിന്റെ വളർച്ച അസംഭവ്യമെന്നാണ്. ഞാനവരോട് പറഞ്ഞു.‘നമ്മളൊന്നു പരീക്ഷിച്ചുനോക്കട്ടെ. അല്ലാഹുവിന്റെ സഹായം നമുക്കുണ്ടായി. നമ്മുടെ മരുഭൂപ്രദേശം ഹരിതാഭമാക്കിയെടുക്കുന്നതിൽ നാം വിജയിച്ചു. ഇത് നമ്മെ നൈരന്തര്യത്തിന് പ്രചോദിതരാക്കുന്നു’. ജീവിതായോധന മാർഗത്തിൽ പുതിയ മേച്ചിൽപുറങ്ങൾ തേടി ഇവിടെ എത്തപ്പെട്ട ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഈ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തങ്ങളുടെതായ സംഭാവനകൾ അർപ്പിച്ചതോടൊപ്പം തന്നെ സാംസ്കാരിക, സാമൂഹികസേവന പാതകളിൽ നിന്ന് വിട്ടുനിന്നതുമില്ല. യു.എ.ഇ സംസ്കാരിക മന്ത്രാലയത്തിന്റെ അനുമതിയോടെ അറബിയിലും മലയാളത്തിലും പ്രസിദ്ധീകരിച്ച അബ്ദു ശിവപുരത്തിന്റെ രണ്ടു ഗ്രന്ഥങ്ങൾ പെറ്റമ്മയായ ഇന്ത്യൻ മനസ്സിൽ പോറ്റമ്മയായ യു.എ.ഇയുടെ രാഷ്ട്ര ശിൽപ്പിയോടും ഭരണനേതൃത്വത്തോടും നിവാസികളോടുമുള്ള കടപ്പാടും നന്ദിയും വ്യക്തമാക്കുന്നുണ്ട്.
യു.എ.ഇ യുവ എഴുത്തുകാരൻ ഡോ. ജാസിം മുഹമ്മദ് സാലിം ആൽ ഹസൻ അൽ ഖസ്റജി രചിച്ച ‘ഹുൽമക യാ സായിദ്’ എന്ന അറബി ആധികാരിക ഗ്രന്ഥത്തിന്റെ ‘സായിദിന്റെ സ്വപ്നം’ എന്ന മലയാള വിവർത്തന ഗ്രന്ഥം യു.എ.ഇയുടെ പിറവി മുതൽ രാജ്യം കടന്നുപോയ നാൾവഴികളെ ഒന്നടങ്കം ആധികാരിക രേഖകളുടെ അടിസ്ഥാനങ്ങളിൽ നിന്നുകൊണ്ടുതന്നെ അടയാളപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

