ഇമാറാത്തിന് സ്നേഹോപഹാരമായി ആൽബം
text_fieldsദുബൈ: ദേശീയ ദിനത്തിൽ യു.എ.ഇക്ക് സ്നേഹോപഹാരമായി മലയാളികളുടെ നേതൃത്വത്തിൽ ആൽബം പുറത്തിറക്കി. ഹംബി പ്രൊഡക്ഷൻസാണ് 'ഏറെ മറുകരയിൽ-റിഥം ഓഫ് ദ യൂനിയൻ' എന്ന പേരിൽ മ്യൂസിക്കൽ ആൽബം പുറത്തിറക്കിയത്. മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ ഒരുക്കിയ ഹസീബ് റസാക്കും ജാസിം ജമാലും ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഡോ. അജ്മൽ മമ്പാടിന്റേതാണ് വരികൾ.
ഫൈസൽ റാസി, ജാസിം ജമാൽ, നിമ താജ് എന്നിവർ പാടിയ ആൽബത്തിന് വിഷ്വൽ ഒരുക്കിയത് റഫീനയാണ്. മലയാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച യു.എ.ഇക്കുള്ള മലയാളി യുവാക്കളുടെ ചെറിയ ഉപഹാരമാണ് മ്യൂസിക്കൽ ട്രൈബൂട്ടെന്ന് ഹംബി പ്രൊഡക്ഷൻ ഡയറക്ടർ അബ്ദുൽറഹ്മാൻ പറഞ്ഞു.
യു.എ.ഇയിലെ ഒരുകൂട്ടം മലയാളി യുവാക്കളുടെ സംരംഭമായ ഹംബി പ്രൊഡക്ഷൻസ് ഇതിനകം നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. 'ഗൾഫ് മാധ്യമം' ഒരുക്കിയ കമോൺ കേരളയിൽ അവതരിപ്പിച്ച ശുക്റൻ ഇമാറാത്തിനും ഇവർ ഗാനമൊരുക്കിയിരുന്നു. സിനിമ, ഡോക്യുമെന്ററി നിർമാണത്തിലും ഭാഗമായ ഹംബി പ്രവാസികൾക്കായി സിനിമ വർക്ക്ഷോപ്പുകളും നടത്തിവരുന്നുണ്ട്.

