ദേശീയ ദിനം: റാക് പൊലീസിന് 7,000 സഹായ അഭ്യർഥന കോളുകൾ
text_fieldsറാസല്‍ഖൈമ: യു.എ.ഇ ദേശീയ ആഘോഷ ദിനങ്ങളിൽ വിവിധ സഹായങ്ങള്‍ അഭ്യര്‍ഥിച്ച് റാക് പൊലീസ് സെൻട്രൽ ഓപറേഷൻ റൂമിലെത്തിയത് 7130 ഫോൺ കോളുകളെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍നഖ്ബി വ്യക്തമാക്കി. സമഗ്ര പൊലീസ് സ്റ്റേഷന് വകുപ്പ്, ഓപറേഷന്‍സ്, ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പുകളുമായി സഹകരിച്ചാണ് എമിറേറ്റില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഗതാഗത ക്കുരുക്ക് ലഘൂകരിക്കുന്നതിനും അടിയന്തര സാഹചരങ്ങളില്‍ ദ്രുതവേഗത്തിലുള്ള ഇടപെടലിനും പദ്ധതികള്‍ തയാറാക്കി ജാഗ്രതയോടെ നടപ്പാക്കി. പ്രധാനയിടങ്ങളില്‍ 82ഓളം പട്രോളിങ് വിഭാഗങ്ങളാണ് പ്രവര്‍ത്തിച്ചത്. സഹായം തേടിയവര്‍ക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പുവരുത്തി. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയ്സില്‍ അവധി ദിനങ്ങളില്‍ പതിനായിരത്തിലേറെ സന്ദര്‍ശകരാണ് എത്തിയത്.
ഗതാഗത നീക്കങ്ങളുടെ സമഗ്രമായ മേല്‍നോട്ടത്തിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊലീസ് വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഡ്രൈവര്‍മാരുടെയും റോഡ് ഉപയോക്താക്കളുടെയും സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗതാഗത നിയമലംഘനങ്ങളില്‍ ഗണ്യമായി കുറക്കാന്‍ സഹായിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

