ദേശീയദിനം: ഷാർജയിൽ 115 വാഹനങ്ങൾ പിടിയിൽ
text_fieldsഷാർജ പൊലീസ് പിടികൂടിയ വാഹനങ്ങൾ
ഷാർജ: ദേശീയദിന ആഘോഷങ്ങൾക്കിടെ, നിയമലംഘനം നടത്തിയ 115 വാഹനങ്ങൾ ഷാർജ പൊലീസ് പിടിച്ചെടുത്തു. 106 കാറുകളും ഒമ്പത് മോട്ടോർ ബൈക്കുകളുമാണ് പിടിയിലായത്.
അഭ്യാസ പ്രകടനം, ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിത ശബ്ദം എന്നിവയുൾപ്പെടെ റോഡ് ഉപഭോക്താക്കളുടെ ജീവന് ഭീഷണിയുയർത്തുന്ന കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു. റോഡുകളിൽ നിരുത്തരവാദപരമായ സ്വഭാവ രീതികൾ തടയുന്നതിൽ ഷാർജ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ കെയ് പറഞ്ഞു. ഇത്തരം നടപടികൾ ആഘോഷത്തിന്റെ പൊലിമക്കും ആത്മാവിനും കളങ്കമേൽപ്പിക്കുന്നതാണ്. കൂടാതെ, പൊതുജനങ്ങളുടെ ജീവനും ഭീഷണിയുയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്സവ സീസണുകളിൽ പൊതുജന സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണിയുയർത്തുന്ന നടപടികളാണ് പ്രതികളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പൊലീസ് പട്രോളിങ്ങും ചെക്പോസ്റ്റുകളിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയദിനത്തിൽ നിയമലംഘനം നടത്തിയ 74 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ദുബൈ പൊലീസും നടപടി സ്വീകരിച്ചിരുന്നു. 3153 പേർക്ക് പിഴ ചുമത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

