വെള്ളത്തിലിറങ്ങുമ്പോൾ സൂക്ഷിക്കുക; മുങ്ങിമരണങ്ങൾ കൂടുന്നതായി നാഷനൽ ആംബുലൻസ്
text_fieldsജലാശയത്തിൽ നിരീക്ഷണം നടത്തുന്ന നാഷണൽ ആംബുലൻസ് ജീവനക്കാരൻ
ദുബൈ: വേനൽക്കാലം ആസ്വദിക്കാൻ ജലാശയങ്ങളിലെത്തുന്നവർക്ക് ജാഗ്രത നിർദേശവുമായി നാഷനൽ ആംബുലൻസ്. അപകട സാധ്യത മനസ്സിലാക്കി മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. 2021ൽ വടക്കൻ എമിറേറ്റുകളിലായി നീന്തൽകുളങ്ങളിലും ബീച്ചുകളിലും 194ലധികം മുങ്ങിമരണങ്ങളിൽ ഇടപെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നാഷനൽ ആംബുലൻസിന്‍റെ 'സമ്മർ സേഫ്റ്റി' കാമ്പയിനിന്‍റെ ഭാഗമായ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ജലാശയങ്ങളിൽ എങ്ങനെ കുടുംബങ്ങൾക്ക് സുരക്ഷിതമായി വേനൽക്കാലം ആസ്വദിക്കാം എന്നറിയിക്കുന്ന ജലസുരക്ഷ സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റു മാധ്യമങ്ങളിലും ഇതു സംബന്ധിച്ച അറിയിപ്പുകളും സുരക്ഷക്ക് സ്വീകരിക്കേണ്ട നടപടികളും പ്രസിദ്ധീകരിക്കുന്നുണ്ട്. യു.എ.ഇയിൽ അസ്വാഭാവിക മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മുങ്ങിമരണമെന്നും ഇത്തരം സംഭവങ്ങൾ ഭൂരിഭാഗവും തടയാൻ കഴിയുന്നതാണെന്നും നാഷനൽ ആംബുലൻസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അഹമ്മദ് അൽ ഹജ്രി പറഞ്ഞു.
നീന്തൽ, ജല സുരക്ഷ നിയമങ്ങൾ, മുങ്ങിമരണം തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നത് തുടരണം. ജലാശയങ്ങളിലും സമീപത്തും സുരക്ഷിതത്വം ഉറപ്പു വരുത്തണം. നീന്തൽ പഠിക്കുക, നീന്തുമ്പോൾ ഒരാളുമായി ജോടിയാക്കുക, ലൈഫ് ജാക്കറ്റ് ധരിക്കുക, കുട്ടികളെ നിരീക്ഷിക്കുക എന്നിങ്ങനെയുള്ള ലളിതമായ ചിട്ടകൾ പിന്തുടരുന്നതിലൂടെ മുങ്ങിമരണ സാധ്യത കുറക്കാനാകും -അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷനൽ ആംബുലൻസ് വടക്കൻ എമിറേറ്റുകളിൽ ലഭ്യമാക്കുന്ന സേവനങ്ങൾക്ക് 998 എമർജൻസി ആംബുലൻസ് നമ്പറിലൂടെയും എൻ.എ 998 മൊബൈൽ ആപ്ലിക്കേഷനിലൂടെയും ആവശ്യപ്പെടാവുന്നതാണ്. ആശുപത്രികളിലെത്തിക്കുന്നതിന് മുമ്പത്തെ അടിയന്തര ചികിൽസ അടക്കമുള്ള സേവനങ്ങൾ ഇതിലൂടെ ലഭിക്കും. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ദേശീയ ആംബുലൻസ് ജനങ്ങൾക്ക് സേവനം നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

